

ദോഹ: ഒരു കൃതിയെ പല കോണിലൂടെ വായിക്കാനാവുമെന്നും വായനക്കാരന്റെ നിലപാടിനും മനോഗതിക്കുമനുസരിച്ചാണ് കൃതിയുടെ വര്‍ഗീകരണം സംഭവിക്കുന്നതെന്നും എഴുത്തുകാരിയും കോളമിസ്റ്റുമായ സിദ്ദീഹ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രതിമാസ പുസ്തക പരിചയ പരിപാടിയുടെ ഭാഗമായി നടന്ന ‘അധിനിവിഷ്ട ഭൂമി വായിക്കപ്പെടുമ്പോള്‍’ എന്ന പരിപാടിയില്‍ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന ചരിത്ര നോവല്‍ നിരൂപണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.

പിറന്ന മണ്ണില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നവരും ജനിച്ച മണ്ണില്‍ തന്നെ അഭയാര്‍ഥികളായി ജീവിക്കേണ്ടി വന്നവരുമായ ഒരു ജനതയുടെ കഥ പറയുന്ന, ചെറുകാട് അവാര്‍ഡ് ജേതാവും ദോഹയിലെ പ്രമുഖ എഴുത്തുകാരിയുമായ ഷീലാ ടോമിയുടെ പ്രസ്തുത ചരിത്ര നോവലിനു പുറമെ വിശ്വപ്രശസ്ത ഫലസ്തീന് കവി മഹ്മൂദ് ദര്‍വീഷിന്റെ കവിതകളുമാണ് ചര്‍ച്ചക്കെടുത്തത്.

പെണ്‍പ്രവാസത്തെ കുറിച്ചും അധിനിവിഷ്ട ഭൂമിയിലെ മനുഷ്യരെ കുറിച്ചും പുസ്തകം സഞ്ചരിക്കുന്ന പലവഴിയിലൂടെ അവര്‍ സഞ്ചരിച്ചു.
കവി എല്‍ദോ മാമ്മലശ്ശേരി, മഹ്മൂദ് ദര്‍വീഷിന്റെ കവിതകളെ അപഗ്രഥിച്ചു. പ്രതിരോധ സമരവും വിപ്ലവവും, ഫലസ്തീനികളുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളും എല്‍ദോ ശ്രോതാക്കള്‍ക്ക് മുന്നില്‍ വരച്ചു കാണിച്ചു.
പ്രദീഷ്, പ്രതിഭാ രതീഷ്, പി പി സുബൈര്‍ വാണിമേല്‍, സുഹൈല്‍ വാഫി, തന്‍സീം കുറ്റ്യാടി, ബിജു പി മംഗലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അസീസ് മഞ്ഞിയില്‍ ഫൈസല്‍ അബൂബക്കര്‍ എന്നിവര്‍ കവിത ആലപിച്ചു.
ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി, ജനറല്‍ സെക്രട്ടറി ഹുസൈന് കടന്നമണ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഷംല ജഹ്ഫര്‍ മോഡറേറ്ററായ പരിപാടിയില്‍ ഹുസ്സൈന്‍ വാണിമേല്‍ സ്വാഗതവും ശ്രീകല ജിനന് ഉപസംഹാര ഭാഷണവും നന്ദിയും രേഖപ്പെടുത്തി.

