

ദോഹ: മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് അവതരിപ്പിക്കുന്ന ‘ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്ക്’ പ്രദര്‍ശനം ജൂലൈ ആറു വരെ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തിലെ നാലാം നിലയിലുള്ള താത്ക്കാലിക എക്‌സിബിഷന്‍ ഗാലറിയില്‍ നടക്കും.


സ്പൈഡര്‍ സില്‍ക്ക് സൃഷ്ടാക്കളായ സൈമണ്‍ പിയേഴ്സിന്റെയും നിക്കോളാസ് ഗോഡ്ലിയുടെയും ഇരുപത് വര്‍ഷത്തിലേറെയായി മെറ്റീരിയലുമായി നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് തുണിത്തരങ്ങള്‍. 2004ലാണ് സ്‌പൈഡര്‍ സില്‍ക്ക് ഉപയോഗിച്ച് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയില്‍ ഇരുവരും ചേര്‍ന്നത്.


‘ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്ക്’ എക്‌സിബിഷന്‍, ചരിത്രപരമായ കൈയെഴുത്തുപ്രതികളും പ്രക്രിയയെ രേഖപ്പെടുത്തുന്ന ഫോളിയോകളും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ നാല് തുണിത്തരങ്ങളും ഒരുമിച്ച് പ്രദര്‍ശിപ്പിക്കും. ഗംഭീരമായ എംബ്രോയ്ഡറി ചെയ്ത കേപ്പ്, ബ്രോക്കേഡ് നെയ്ത്ത് ലാംബ (ലാംബ അക്കോട്ടിഫഹാന), ഷീര്‍ ടഫെറ്റ, ഒരു സാറ്റിന്‍ വീവ് ഷാള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്കിന്റെ ഒരേയൊരു ഉദാഹരണമാണ് ഈ തുണിത്തരങ്ങള്‍. ഇത് ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോള്‍ഡന്‍ സ്‌പൈഡര്‍ സില്‍ക്കിന്റെ ചരിത്രം ചര്‍ച്ച ചെയ്യുന്ന സൈമണ്‍ പിയേഴ്‌സിന്റെ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രദര്‍ശനത്തിലുണ്ടാകും.

ഇവരുടെ പല സൃഷ്ടികളും വര്‍ഷങ്ങളായി പൊതു, സ്വകാര്യ ശേഖരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്: ബ്രിട്ടീഷ് മ്യൂസിയം ലണ്ടന്‍, മെട്രോപൊളിറ്റന്‍ മ്യൂസിയം ന്യൂയോര്‍ക്ക്, ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചിക്കാഗോ, അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ന്യൂയോര്‍ക്ക്, ക്ലീവ്ലാന്‍ഡ് മ്യൂസിയം ഓഫ് ആര്‍ട്ട് ഒഹായോ, ഫൗളര്‍ മ്യൂസിയം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ്, ഫീല്‍ഡ് മ്യൂസിയം ചിക്കാഗോ, നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ ആര്‍ട്ട് സ്മിത്സോണിയന്‍, വാഷിംഗ്ടണ്‍ ഡിസി, എത്നോഗ്രഫി മ്യൂസിയം ഒസാക്ക ജപ്പാന്‍ തുടങ്ങിയവയിലെല്ലാം പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്.


