അല്‍ ജസീറ ‘അടച്ചുപൂട്ടുന്നതിന് വഴിയൊരുക്കുന്ന നിയമം’ ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി

Web Desk
2 Min Read

ജെറുസലേം: തങ്ങളുടെ സുരക്ഷയ്ക്ക് അപകടമെന്ന് കരുതുന്ന വിദേശ വാര്‍ത്താ ശൃംഖലകള്‍ അടച്ചുപൂട്ടാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്ന നിയമത്തിന് ഇസ്രായേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. രാജ്യത്ത് അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

city exchange

‘അല്‍ ജസീറ ഇനി ഇസ്രായേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ല,’ നിയമം അംഗീകരിച്ചതിന് ശേഷം നെതന്യാഹു എക്‌സില്‍ ഒരു പോസ്റ്റില്‍ എഴുതി. ‘ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് പുതിയ നിയമം അനുസരിച്ച് ഉടനടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.’

ഇസ്രായേല്‍ വിരുദ്ധ പക്ഷപാതം ആരോപിച്ച് ഖത്തര്‍ ആസ്ഥാനമായുള്ള മാധ്യമങ്ങളില്‍ നിന്നുള്ള സംപ്രേഷണം അവസാനിപ്പിക്കാന്‍ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു.

നെസെറ്റില്‍ 70- 10 വോട്ടുകള്‍ക്ക് പാസാക്കിയ നിയമം ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ നെറ്റ്വര്‍ക്കുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാനും അവരുടെ ഉപകരണങ്ങള്‍ രാജ്യത്തിന് ഹാനികരമാണെന്ന് കരുതുന്നുണ്ടെങ്കില്‍ കണ്ടുകെട്ടാനും പ്രധാനമന്ത്രിക്കും വാര്‍ത്താവിനിമയ മന്ത്രിക്കും അധികാരം നല്‍കുന്നു.

- Advertisement -
Ad image

ലെബനന്‍ ഔട്ട്‌ലെറ്റ് അല്‍ മയാദീനെ തടയുമെന്ന് ഇസ്രായേല്‍ പറഞ്ഞതിന് ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് നിയമം പാസാക്കിയത്.

ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതു മുതല്‍, കോടതികളുടെ സമ്മതത്തോടെ ദേശീയ താത്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്ന വിദേശ മാധ്യമങ്ങളെ താത്ക്കാലികമായി അടച്ചിടാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ യുദ്ധകാല നിയന്ത്രണങ്ങള്‍ പാസാക്കി.

അതേസമയം അല്‍ ജസീറയെ പൂട്ടുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നു. എങ്കിലും, ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറയ്‌ക്കെതിരെ നടപടികള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്ലോമോ കാര്‍ഹി പറഞ്ഞിരുന്നു.

ഉപരോധിക്കപ്പെട്ട എന്‍ക്ലേവില്‍ നിന്നും യുദ്ധസമയത്ത് ഗാസയില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമ ചാനലുകളിലൊന്നാണ് അല്‍ ജസീറ. ഹമാസിനെ അനുകൂലിക്കുകയും ഇസ്രായേലിനെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നാണ് അല്‍ ജസീറയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും ഓഫീസുകളുള്ള അല്‍ ജസീറയ്‌ക്കെതിരെ ഇസ്രായേല്‍ പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നു. 2022 മെയ് മാസത്തില്‍ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനില്‍ ഇസ്രായേല്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുതിര്‍ന്ന അല്‍ ജസീറ ജേണലിസ്റ്റ് ഷിറിന്‍ അബു അക്ലേയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു.

ഷിറിന്റെ ‘ജീവിക്കാനുള്ള അവകാശം’ ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ സൈന്യം കൊലപാതകത്തില്‍ ‘നീതീകരണമില്ലാതെ മാരകമായ ശക്തി’ ഉപയോഗിച്ചുവെന്ന് ഐക്യരാഷ്ട്രസഭ നിയോഗിച്ച റിപ്പോര്‍ട്ട് പറുന്നു.

ഗാസയിലെ യുദ്ധത്തിനിടെ, ചാനലിന്റെ നിരവധി പത്രപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബര്‍ 25-ന് ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും ചെറുമകനും മറ്റ് എട്ട് ബന്ധുക്കളും ഉള്‍പ്പെടെയുള്ള കുടുംബം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗാസയ്‌ക്കെതിരായ യുദ്ധം കൈകാര്യം ചെയ്തതിനെതിരെയും ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ കണ്ടെത്താത്ത സുരക്ഷാ വീഴ്ചയ്‌ക്കെതിരെയും നെതന്യാഹു വന്‍ പ്രതിഷേധം നേരിടുന്ന സാഹചര്യത്തിലാണ് നിയമം പാസാക്കിയത്.

ആക്രമണങ്ങളില്‍ കുറഞ്ഞത് 1,1139 പേര്‍ കൊല്ലപ്പെടുകയും 250ഓളം തടവുകാരെ ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.

ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ 32,782 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീന്‍ അധികൃതരുടെ കണക്ക്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തില്‍ പശ്ചിമ ജറുസലേമിലെ ഇസ്രായേല്‍ പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് ഞായറാഴ്ച ആയിരങ്ങളാണ് തടിച്ചുകൂടിയത്.

ഹമാസിന്റെ പിടിയിലകപ്പെട്ടവരെ മോചിപ്പിക്കുന്നതിന് വെടിനിര്‍ത്തല്‍ ഉറപ്പാക്കണമെന്ന് ഞായറാഴ്ച പ്രതിഷേധക്കാര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!