പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം

Web Desk
2 Min Read

ദോഹ: കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഖത്തറിന്റെ പ്രവാസി ഭൂമികയില്‍ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വൈവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയ പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. മെഷാഫിലെ പേള്‍ പോഡാര്‍ സ്‌കൂള്‍ ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷെഫീഖ് പത്താം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

city exchange

പ്രവാസികളെ മാറ്റി നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ വിഭവശേഷികളെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം വിഭവശേഷികളില്‍ ബഹുദൂരം മുന്നേറിയതിന്റെ കാരണം ഗള്‍ഫ് പ്രവാസമാണ്. അധ്വാനം മാത്രം മൂലധനമാക്കി പ്രവാസത്തിലേക്ക് ചേക്കേറിയവരുടെ ഫലമായാണ് അടുത്ത തലമുറ വിദ്യാഭ്യാസം മൂലധനമാക്കി പ്രവാസത്തിലേക്ക് കടന്നതെന്നും അതിലൂടെ കേരളത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രവാസികള്‍ക്ക് വലിയ പങ്കുവയ്ക്കാന്‍ സാധിക്കുമെന്നും ആ ദൗത്യം നിര്‍വഹിക്കാന്‍ പ്രവാസ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ സാംസ്‌കാരിക സേവന മേഖലകളില്‍ നിറഞ്ഞു നിന്ന പത്തു വര്‍ഷങ്ങളാണ് കഴിഞ്ഞു പോയതെന്നും വരും കാലങ്ങളിലും കൂടുതല്‍ മികവോടെ ഖത്തറിലെ പ്രവാസി സമൂഹത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പത്തിന പരിപാടികള്‍ വൈസ് പ്രസിഡന്റ് മജീദലി പ്രഖ്യാപിച്ചു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ആകാശം അതിര്’ എന്ന തീം സോങ് വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് കെ എ ഷെഫീഖ് പുറത്തിറക്കി. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി തീം സോങ് പരിചയപ്പെടുത്തി സംസാരിച്ചു.

പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി താസിന്‍ അമീന്‍, വൈസ് പ്രസിഡന്റ് നജ്ല നജീബ് എന്നിവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷെഫീഖിനും പരിപാടിയില്‍ സാബന്ധിക്കാനെത്തിയ പ്രശസ്ത ഗായിക മീരക്കും മൊമെന്റോ കൈമാറി.

എസ് എം എ ടൈപ്പ് വണ്‍ ബാധിച്ച് ചികിത്സാ സഹായം തേടുന്ന മലയാളി ദമ്പതികളുടെ മകള്‍ മല്‍ഖാ റൂഹിക്ക് സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഹായമഭ്യര്‍ഥിച്ചും പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് റഷീദലി പി സംസാരിച്ചു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരായ ആയിഷയും ആമിനയും അവരുടെ രണ്ട് വര്‍ഷത്തെ സമ്പാദ്യക്കുടുക്ക മല്‍ഖാ റൂഹിയുടെ ചികിത്സാ ഫണ്ടിലേക്കായി വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് കെ എ ഷെഫീഖിന് കൈമാറിയത് സദസ്സിനെ ഹൃദ്യമാക്കി.

പ്രശസ്ത ഗായിക മീര നയിച്ച ഗാനമേളയില്‍ ശ്യാം മോഹന്‍, ഹിസാന നസ്രീന്‍, ഷബീബ് അബ്ദുറസാഖ്, ഷഫാഹ് കണ്ണൂര്‍, അനീസ് എടവണ്ണ, ശാസ ഷബീബ്, കൃഷ്ണന്‍, മെഹ്ദിയ എന്നിവര്‍ ഗാനങ്ങളാലപിച്ചു.

സമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാന്‍ മാള നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!