ജനങ്ങള്‍ വോട്ട് ചെയ്തത് ജനാധിപത്യ- മതേതര സര്‍ക്കാര്‍ യാഥാര്‍ഥ്യമാകാന്‍: ഡീന്‍ കുര്യാക്കോസ്

Web Desk
2 Min Read

ദോഹ: ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും ജനാധിപത്യ- മതേതരത്വ സര്‍ക്കാര്‍ യാഥാര്‍ഥ്യമാകണമെന്ന ആഗ്രഹത്തിലാണ് ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നതെന്നും ഇടുക്കി പാര്‍ലമെന്റ് അംഗം ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

ബി ജെ പിക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ല എന്ന കാര്യം ഉറപ്പായോടെ നരേന്ദ്ര മോഡിയും ബി ജെ പിയും തീവ്രവര്‍ഗ്ഗീയത ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. എങ്കിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രകടമാണ്. മഹാരാഷ്ട്ര, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും കാഴ്ചവെക്കുന്നത്. അതിന്റെ ഫലമുണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായി വലിയ മുന്നേറ്റമാണ് നടന്നത്. കോണ്‍ഗ്രസിന് ബി ജെ പിയേക്കാള്‍ സീറ്റുണ്ടെങ്കില്‍ മാത്രമേ രാജ്യത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്ന് അറിയുന്നതിനാല്‍ ജനങ്ങള്‍ അത് ആഗ്രഹിച്ചാണ് വോട്ട് ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ ഇടതുമുന്നണിക്ക് വലിയ പ്രസക്തിയില്ല.

ദേശീയ രാഷ്ട്രീയം നല്ല നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും കേരളത്തില്‍ യു ഡി എഫിനാണ് മേല്‍ക്കൈ ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടമായ മുന്നേറ്റം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും.

- Advertisement -
Ad image

കേരളത്തിലെ അഴിമതി നിറഞ്ഞ സര്‍ക്കാറിന്റെ നയങ്ങള്‍ കാരണം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കടക്കെണിയിലാണ് കേരളമുള്ളത്. ഇടതുപക്ഷം ദേശീയ രാഷ്ട്രീയ രംഗത്തും സംസ്ഥാന രാഷ്ട്രീയ രംഗത്തും പിറകോട്ട് പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

യു ഡി എഫിലാണ് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ മത്സരിച്ചിട്ടുള്ളതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അതുകൊണ്ടുതന്നെ യുവാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം വിശദമാക്കി. ഇടതുമുന്നണിയില്‍ എത്ര ചെറുപ്പക്കാര്‍ മത്സരിച്ചുവെന്ന് നോക്കണെന്നും എം പി പറഞ്ഞു.

ഹൈബി ഈഡനും രമ്യാ ഹരിദാസും ഷാഫി പറമ്പിലും താനും ഉള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്തുണ്ടായിരുന്നു. യൂത്ത്‌കോണ്‍ഗ്രസിലേയും കെ എസ് യുവിലേയും നേതാക്കള്‍ക്ക് അവസരം നല്‍കാറുണ്ടെന്നും കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 52 യുവാക്കളാണ് മത്സരിച്ചതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം വിശദമാക്കി.

ഇപ്പോഴുള്ള എം പിമാരെല്ലാം ഒരു ടേം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഒറ്റ ടേമില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടയാളെ മാറ്റുന്ന കീഴ് വഴക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ല.

കേരളത്തില്‍ 20 സീറ്റുകളും യു ഡി എഫിന് കിട്ടും. ഇടതുപക്ഷം തകര്‍ന്നു തരിപ്പണമാകുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വടകരയില്‍ ഷാഫി പറമ്പിലിനെതിരെ സി പി എം എന്താണ് കാണിച്ചതെന്നു ചോദിച്ച ഡീന്‍ കുര്യാക്കോസ് ശൈലജ ടീച്ചറെ പോലെ ഒരാള്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെടുമെന്ന് തോന്നുമ്പോള്‍ മറ്റൊരു തരത്തില്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുകയാണ് അവര്‍ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അപജയമാണത്. ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ഷാഫി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയും തെറ്റായ രീതിയില്‍ ഇടതുപക്ഷം പ്രചരണം നടത്തിയിട്ടുണ്ടെന്നും അതില്‍ അത്ഭുതമൊന്നുമില്ലെന്നും പറഞ്ഞ ഡീന്‍ കുര്യാക്കോസ് താന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!