

ദോഹ: പ്രവാസി വോട്ടവകാശത്തിന് വേണ്ടി സുപ്രിം കോടതിയില്‍ വാദിച്ച ഹാരിസ് ബീരാന്‍ ഇന്ത്യയുടെ നിയമനിര്‍മാണ ഉപരിസഭയിലേക്ക് എത്തുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ഇന്ത്യന്‍ പ്രവാസികള്‍. വര്‍ഷങ്ങളായി സുപ്രിം കോടതിയില്‍ പ്രവാസി വോട്ടവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തില്‍ ഹാരിസ് ബീരാന്റെ പേരുണ്ട്.

പ്രവാസി വോട്ടവകാശത്തിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയിലേക്കെത്തുന്നത് നിരവധി പ്രവാസി വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് ഖത്തര്‍ വ്യവസായിയും പ്രവാസി വോട്ടവകാശത്തിനു വേണ്ടി വര്‍ഷങ്ങളായി പോരാട്ടം നടത്തുകയും ചെയ്യുന്ന അടിയോട്ടില്‍ അഹമ്മദ് ആഗോളവാര്‍ത്തയോട് പറഞ്ഞു.

കെ എം സി സി പ്രതിനിധി എന്ന നിലയിലും പ്രവാസി വിഷയങ്ങള്‍ വ്യക്തമായി അറിയാവുന്നയാളുമെന്ന തരത്തില്‍ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി അടിയോട്ടില്‍ പറഞ്ഞു. പ്രവാസ വിഷയങ്ങളിലുള്ള അറിവും നിയമത്തിലുള്ള പരിജ്ഞാനവും ഹാരിസ് ബീരാനെ സഭയില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കും. നിരവധി പ്രശ്‌നങ്ങള്‍ക്കായിരിക്കും ഹാരിസ് ബീരാന്റെ സാന്നധ്യം പരിഹാരമുണ്ടാക്കുകയെന്ന പ്രതീക്ഷയെന്നും അദ്ദേഹം പങ്കുവെച്ചു.
പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പൊരുതിയ വ്യക്തിയാണ് അടിയോട്ടില്‍ അഹമ്മദ്. തന്റെ നിയമ പോരാട്ടത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചയാള്‍ നിയമനിര്‍മാണ സഭയിലേക്കെത്തുന്നതോടെ വിഷയത്തിന്റെ ഗൗരവം ഉപരിസഭയിലും അവതരിപ്പിക്കപ്പെടുമെന്ന് അടിയോട്ടില്‍ അഹമ്മദ് പറഞ്ഞു.

