എം സി ജോസഫൈന്‍ അന്തരിച്ചു

Web Desk
1 Min Read

കണ്ണൂര്‍: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു.

city exchange

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച സമ്മേളന വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വിദ്യാര്‍ഥി- യുവജന- മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ല്‍ സി പി എം അംഗത്വം നേടിയ അവര്‍ 1984ല്‍ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.

1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ജോസഫൈന്‍ സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) പ്രസിഡന്റുമായിരുന്നു.
അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.

- Advertisement -
Ad image

വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.

1948 ആഗസ്ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശ്ശേരി ചവര- മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സി ഐ ടി യു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന.

Share This Article
Leave a Comment
error: Content is protected !!