

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ മലയാളം സിനിമ മിന്നല്‍ മുരളിക്കും ഇടം. ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ച അഞ്ച് അന്തര്‍ദേശീയ സിനിമകളുടെ പട്ടികയിലാണ് മിന്നല്‍ മുരളി സ്ഥാനം പിടിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി അറിയിച്ചിരിക്കുന്നത്.

കുടിയേറ്റക്കാരുടെ കഥ പറയുന്ന ബള്‍ഗേറിയന്‍ കുടംബചിത്രത്തിനും മെക്‌സിക്കന്‍ ത്രില്ലര്‍ ചിത്രത്തിനുമൊപ്പമാണ് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രമായി മിന്നല്‍ മുരളിയും എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ആഗോള തലത്തില്‍ മിന്നല്‍ മുരളി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്പാനീഷ് ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിന് മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍ പേജിലും മിന്നല്‍ മുരളി എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.

