

തിരുവനന്തപുരം: കേരളത്തിന്റെ നവോഥാന ചരിത്രം മാറ്റി വാസ്തവ വിരുദ്ധമായ ചരിത്രം നിര്‍മ്മിക്കാനുള്ള തല്പരകക്ഷികളുടെ കുല്സിത ശ്രമങ്ങളെ ചെറുത്ത് തോല്പിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന് മടവൂര്‍ ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സമിതി സംസ്ഥാനതലത്തില്‍ നടത്തിവരുന്ന മുന്നേറ്റം 2024 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവും വക്കം മൗലവിയും അയ്യങ്കാളിയും സനാഉല്ലാ മക്തി തങ്ങളും കെ എം മൗലവിയും മറ്റും കഠിന പരിശ്രമം നടത്തിയാണ് ആധുനിക കേരളം നിര്‍മ്മിച്ചത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗ്ഗീയതക്കും ജാതീയതക്കെതിരിലും അവര്‍ ശക്തമായി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിന്നും സ്ത്രീ ശാക്തീകരണത്തിന്നും മതസൗഹാര്ദ്ദത്തിന്നും വേണ്ടി അവര്‍ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഈ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഈ യാഥാര്‍ഥ്യം മറച്ചുവെച്ച് അന്ധവിശ്വാസികളായ യാഥാസ്ഥിതിക പുരോഹിതന്മാര് നവോഥാന നായക വേഷം കെട്ടുന്നത് അപഹാസ്യമാണെന്നും നവോഥാന പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു.
പ്രസ്ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ് യഹ്യാ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന നേതാക്കന്മാരായ റഹ്മത്തുല്ലാ സ്വലാഹി പുത്തൂര്‍, യാസിര്‍ അറഫാത്ത് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അല്അമീന് ബീമാപള്ളി, ഐ എസ് എം ജില്ലാ സെക്രട്ടറി സജിന്‍ വടശ്ശേരി ക്കോണം, എം എസ് എം ജില്ലാ പ്രസിഡന്റ് സുല്‍ഫി സ്വലാഹി എന്നിവര്‍ സംസാരിച്ചു.

