ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെ വന്ന വെളിപ്പെടുത്തലുകളും ഞെട്ടിക്കുന്നത്: വിമന്‍ ഇന്ത്യ ഖത്തര്‍

Web Desk
1 Min Read

ദോഹ: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അനാവരണം ചെയ്തുകൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാംസ്‌കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും വിമന്‍ ഇന്ത്യ ഖത്തര്‍.

city exchange

വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഏറെ മുന്നിലാണെന്ന അവകാശവാദമുയര്‍ത്തുന്ന കേരളത്തിന്റെ സാംസ്‌കാരിക രംഗത്തുനിന്ന് തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നു എന്നത് തന്നെ നിരാശജനകമാണ്. സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങളടക്കം സ്ത്രീ മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമ്പോള്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ലൈംഗിക ചൂഷണമടക്കം നേരിടുകയും ചെയ്യേണ്ടി വരുന്നു എന്നത് പുരോഗമന കാലത്തും പുരുഷാധിപത്യത്തിന്റെ ഇരയാണ് സ്ത്രീ എന്നത് ബോധ്യപ്പെടുത്തുന്നു. ലിബറലിസത്തെ പ്രോത്സാഹിപ്പിക്കുകയും ലിബറല്‍ ലോകത്ത് സ്ത്രീ സ്വതന്ത്രയാണെന്നും പറയുന്നവര്‍ സ്ത്രീ ചൂഷണത്തിന്റെ എളുപ്പ വഴികള്‍ തേടുകയാണെന്നും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് സര്‍ക്കാരും നിയമപാലകരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിമന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ധാര്‍മ്മിക മൂല്യങ്ങള്‍ ജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കപ്പെടുകയും സ്ത്രീക്കും പുരുഷനും മാനുഷികമായ പരിഗണനയും നീതിയും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്ന സാമൂഹിക ഉത്തരവാദിത്തം ഓരോ പൗരനും നിര്‍വ്വഹിക്കണം. എങ്കില്‍ മാത്രമേ സുരക്ഷിതവും സമാധാനപരവുമായ തൊഴിലിടങ്ങളും ഏവര്‍ക്കും നീതി ലഭിക്കുന്ന സാമൂഹ്യാന്തരീക്ഷവും ഉണ്ടാവുകയുള്ളു. വെളിപ്പെടുത്തലുകളില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ ശക്തമായ അന്വേഷണവും കുറ്റം തെളിഞ്ഞാല്‍ പരമാവധി ശിക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.

കാലദൈര്‍ഘ്യമില്ലാതെ തന്നെ കേസുകളില്‍ നടപടികളുണ്ടാവുകയും അതിലൂടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയും വേണമെന്നും വിമന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!