
ദുബൈ: ദുബൈ ജബല്‍ അലിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നു. ദസറ ദിനത്തില്‍ ഉദ്ഘാടനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ഡിസൈന്‍ അറബ് വാസ്തുശില്പ മാതൃകയിലാണ്.

2020 ഓഗസ്ത് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതായി ദുബൈ ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു. ബര്ദുദൈയിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്.
അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്. പരമ്പരാഗത രീതിയില്‍ കൊത്തുപണികളാല്‍ തീര്‍ത്ത തൂണുകളില്‍ നിര്‍മിക്കുന്ന അബുദാബി ക്ഷേത്രത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

