

റോം: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങള്‍ വംശഹത്യയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫലസ്തീനെതിരായ ഇസ്രായേലിന്റെ നടപടികളെയും കൂട്ടക്കൊലപാതകങ്ങളെയും മാര്‍പാപ്പ നേരത്തെയും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വംശഹത്യയെന്ന് വിശേഷിപ്പിക്കുന്നത്. ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ അന്വേഷണം വേണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഇറ്റലിയിലെ ലാ സ്റ്റാംപ പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുസ്തകം ‘ഹോപ് നെവര്‍ ഡിസപ്പോയിന്റ്‌സ് പില്‍ഗ്രിംസ് ടുവാര്‍ഡ്‌സ് എ ബെറ്റര്‍ വേള്‍ഡ്’ല്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് അന്താരാഷ്ട്ര നിയമത്തിലെ വംശഹത്യയുടെ നിര്‍വചനവുമായി ഗാസയിലെ സാഹചര്യം യോജിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നു. വിദഗ്ദരുടെ അഭിപ്രായത്തില്‍ ഗാസയില്‍ നടക്കുന്നത് വംശഹത്യയുടെ സ്വഭാവ സവിശേഷതകള്‍ ഉള്ളവയാണെന്നും പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതിയുടെ അഭിപ്രായവുമായി മാര്‍പാപ്പയുടെ പ്രസ്താവന യോജിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഗാസയിലെ യുദ്ധം ‘വംശഹത്യയുടെ സ്വഭാവ സവിശേഷതകള്‍ക്ക് അനുസൃതമാണെന്ന്’ പറഞ്ഞ ഐക്യരാഷ്ട്രസഭ പ്രത്യേക സമിതി ‘പട്ടിണിയെ യുദ്ധത്തിന്റെ ഒരു രീതിയായി ഉപയോഗിക്കുന്നു’ എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനെ ഇസ്രായേലും സഖ്യകക്ഷികളും നിരസിക്കുകയായിരുന്നു.
‘യുക്രെയ്‌നിലേയും ഫലസ്തീനിലേയും ഇസ്രായേലിലേയും ലെബനന്‍, മ്യാന്‍മര്‍, സുഡാന്‍ എന്നിവിടങ്ങളിലേയുമെല്ലാം രക്തസാക്ഷികള്‍ക്കായി നമുക്ക് സമാധാനത്തിനായി ഒരുമിച്ച് പ്രാര്‍ഥിക്കാം. യുദ്ധം മനുഷ്യത്വരഹിതമാക്കുന്നു, അസ്വീകാര്യമായ കുറ്റകൃത്യങ്ങള്‍ സഹിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. സമാധാനം കാംക്ഷിക്കുന്ന ജനങ്ങളുടെ നിലവിളി നേതാക്കള്‍ കേള്‍ക്കട്ടെ’ എന്ന് അദ്ദേഹം ഞായറാഴ്ച എക്‌സില്‍ കുറിച്ചു.

