ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയമുറപ്പെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

Web Desk
2 Min Read

ദോഹ: ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

തെരഞ്ഞെടുപ്പിന് ശേഷം രണ്ടു തവണ നടത്തിയ അവലോകനങ്ങളിലും പാര്‍ട്ടിയുടെ നില മികച്ച രീതിയിലാണെന്നാണ് കണ്ടെത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയുള്ളത്.

കോണ്‍ഗ്രസില്‍ നിന്നും സരിന്‍ പോയതിന്റെ ആഘാതമൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തോന്നുന്നില്ല. ഞങ്ങളെ പോലുള്ളവര്‍ക്ക് ഒരു സഹപ്രവര്‍ത്തകന്‍ നഷ്ടപ്പെട്ടു എന്ന നിരാശയുണ്ടായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം തന്നെ സരിന്‍ നില്‍ക്കണമായിരുന്നു എന്നു തന്നെയാണ് ഞങ്ങളൊക്കെ ഇപ്പോഴും കരുതുന്നത്. എന്നാല്‍ അനുഭാവികളിലൊന്നും സരിന്‍ പോയത് വലിയ സ്വാധീനം ചെലുത്തിയിട്ടില്ല.

പാലക്കാട് മണ്ഡലത്തിലെ മത്സരം സ്വാഭാവികമായും കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ്. സന്ദീപ് വാര്യരെ പോലൊരാള്‍ ആ സമയത്ത് ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി ജെ പിക്ക് വലിയൊരു ആഘാതമായിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണയായി ബി ജെ പിയാണ് ഇത്തരത്തില്‍ ആളുകളെ ചൂണ്ടിക്കൊണ്ടു പോകുന്നതും അത്തരം ട്രെന്‍ഡ് ഉണ്ടാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ മികച്ച ഇന്നിംഗ്‌സ് പൂര്‍ത്തീകരിക്കുകയോ പൂര്‍ത്തീകരിക്കുന്നവരെയോ പിടിച്ച് ബി ജെ പിയിലാക്കിയാല്‍ അതെന്തോ വലിയ സംഭവം പോലെ അവര്‍ ആഘോഷിച്ചിരുന്നു. സന്ദീപ് വാര്യരെ പോലെ യുവത്വവും അറിയപ്പെടുന്നതുമായ മുഖം ബി ജെ പി വിടുമ്പോഴുണ്ടാകുന്ന ആഘാതം തീര്‍ച്ചയായും ആ പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതീക്ഷയോടെ കാണുന്ന പുതിയതലമുറയുണ്ടെന്ന സന്ദേശം കൂടി സന്ദീപ് വാര്യരുടെ പാര്‍ട്ടി മാറ്റം നല്‍കുന്നുണ്ട്.

- Advertisement -
Ad image

സന്ദീപ് വാര്യരെ സ്വീകരിച്ചത് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കൊരു രീതിയുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അറിയാതെ അത്തരത്തില്‍ യാതൊരു തീരുമാനവും ഒരിക്കലും ഉണ്ടാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അകത്തുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാത്തവര്‍ പറയുന്നതാണത്.

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാണ് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നയിച്ചതെങ്കിലും സന്ദീപ് വാര്യരെ പോലൊരാളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കണമെങ്കില്‍ ആദ്യം എ ഐ സി സിയുടെ അനുമതി ആവശ്യമാണെന്നതാണ് ഒന്നാമത്തെ കാര്യം. പാര്‍ട്ടി സംസ്ഥാന ഘടകം ഒന്നടങ്കം എ ഐ സി സിയോട് നിര്‍ദ്ദേശിക്കണമെന്ന കാര്യം കൂടിയുണ്ട്. അതൊക്കെ കഴിഞ്ഞാണ് മറ്റു കാര്യങ്ങളിലേക്ക് കടന്നത്.

ചേലക്കരയില്‍ 1800നും അയ്യായിരത്തിനും ഇടയില്‍ വോട്ടിന് കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വിജയിക്കാനാണ് സാധ്യത. വയനാടിന്റെ കാര്യത്തില്‍ സംശയങ്ങളൊന്നുമില്ലല്ലോ.

ഖത്തറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചു പോകണമെന്നതാണ് ആഗ്രഹമെന്നും അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!