

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ സി സി) നേതൃത്വത്തിലും എന്‍ ബി എഫ് അക്കാദമിയുടെ പിന്തുണയോടെയും ഐ സി സി യുവജനവിഭാഗം ആസ്പയര്‍ പാര്‍ക്കില്‍ ‘മൈല്‍സ് ഫോര്‍ സ്‌മൈല്‍സ്’ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

പ്രമേഹവും ഹൃദ്രോഗവും സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ പ്രേരിപ്പിക്കാനുമായിരുന്നു വാക്കത്തോണ്‍ ലക്ഷ്യമിട്ടത്.

വിവിധ പ്രായക്കാരുടെയും സമുദായങ്ങളുടെയും ഉത്സാഹപൂര്‍ണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വാക്കത്തോണ്‍ ക്രോണിക് രോഗങ്ങള്‍ തടയുന്നതില്‍ മുന്‍കരുതല്‍ ആരോഗ്യശീലങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. റഗുലര്‍ വ്യായാമത്തിന്റെ ഗുണങ്ങളും ശരിയായ ജീവിതശൈലിയുടെയും ആവശ്യകതയും പകര്‍ന്നുനല്‍കുന്നതിന് ഏര്‍പ്പെടുത്തിയ സജീവ പരിപാടികളും ഇന്ററാക്ടീവ് സെഷനുകളും പരിപാടിയുടെ പ്രത്യേകതയായിരുന്നു.
അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാക്കത്തോണില്‍ യുവജന ഗ്രൂപ്പുകളും കുടുംബങ്ങളും സമുദായ നേതാക്കളും ഉള്‍പ്പെടെ 250-ലധികം പേര്‍ പങ്കെടുത്തു.
വാക്കത്തോണ്‍ ഐ സി സി പ്രസിഡന്റ് എ പി മാണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, അബ്രഹാം കെ ജോസഫ്, ശാന്തനു ദേശ്പാണ്ഡെ, യുവജനവിഭാഗം കോര്‍ഡിനേറ്റര്‍ സജീവ് സത്യശീലന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി ആരംഭിച്ചു.
എന്‍ ബി എഫ് അക്കാദമിയും ആസ്റ്റര്‍ മെഡിക്കല്‍ ഫെസിലിറ്റിയും സംയുക്തമായി വാക്കത്തോണിന് ശേഷം പങ്കെടുത്തവര്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധനകള്‍ നല്‍കി.

