
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡയഡ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) നടത്തിവരുന്ന മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി സ്പീഡ്‌ലൈന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് ഫാക്ടറിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നൂറിലധികം ജീവനക്കാര്‍ രക്തദാനം നടത്തി.

സ്പീഡ്‌ലൈന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് ഫാക്ടറി, സ്പീഡ്‌ലൈന്‍ മീഡിയ ആന്‍ഡ് അഡ്വര്‍ടൈസിങ്, ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ്, ദോഹ ഇന്‍ഡസ്ട്രീസ് ആന്‍ഡ് എന്‍ജിനീയറിങ് സര്‍വീസസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് രക്തദാനത്തില്‍ പങ്കാളികളായത്.


സ്പീഡ്‌ലൈന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഡോം ഖത്തര്‍ പ്രസിഡന്റുമായ ഉസ്മാന്‍ കല്ലന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനം മഹാദാനമാണെന്നും സഹജീവികളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൊന്നാണിതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. രക്തദാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയും മാനവികതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് ഫാക്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ ഉസ്മാന്‍, ജനറല്‍ മാനേജര്‍ സുജിത്ത് മാത്യു, ഡോം ഖത്തര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ പിസി നൗഫല്‍ കട്ടുപ്പാറ, സെക്രട്ടറി രാഹുല്‍ ശങ്കര്‍, വൈസ് പ്രസിഡന്റ് നബ്ഷ മുജീബ്, ലേഡീസ് വിങ് ട്രഷറര്‍ ദീപ്തി ശരത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രക്തദാന ക്യാമ്പില്‍ പങ്കെടുത്തവരെ ഡോം ഖത്തറിന്റെയും സ്പീഡ്‌ലൈന്‍ ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ ആദരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയ്ക്ക് മാതൃകയായി മാറിയ ക്യാമ്പ്, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയമായ സന്ദേശം കൂടിയായി.

