

ദോഹ: ആര്‍ട്ട് ഫാക്ടറിയില്‍ നടക്കുന്ന ഖത്തര്‍ അമീറിന്റെ പോര്‍ട്രെയ്റ്റ് പെയിന്റിംഗ് എക്സിബിഷന് ശൈഖ് ജാബര്‍ അല്‍താനി ഉദ്ഘാടനം ചെയ്തു. നേതൃത്വത്തിന്റേയും പൈതൃകത്തിന്റേയും കലയുടെ അനുഭവം എന്ന ടൈറ്റിലില്‍ ഡിസംബര്‍ 18 വരെ നടക്കുന്ന എക്സിബിഷനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 78 ആര്‍ട്ടിസ്റ്റുകളുടെ നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

ആര്‍ട്ട് ഫാക്ടറിയുടെ വിശാലമായ ഗാലറിയില്‍ എക്സിബിഷനോടൊപ്പം പ്രഗത്ഭരായ ചിത്രകാരന്മാര് തത്സമയ ചിത്രരചനയും നടത്തുന്നത് കലാസ്വാദകരെയും വിദ്യാര്‍ഥികളെയും ചിത്ര കലയിലെ തുടക്കക്കാരെയും ഏറെ ആകര്‍ഷിക്കുന്നു.

കലകളെ പ്രോത്സാഹിപ്പിക്കുന്ന ഖത്തറില്‍ തുടര്‍ച്ചയായ ചിത്രപ്രദര്‍ശനങ്ങളിലൂടെ തങ്ങളുടെ അനിവാര്യത അടയാളപ്പെടുത്തുന്ന ആര്‍ട്ട് ഫാക്ടറി ചിത്രകാരന്മാര്ക്ക് തങ്ങളുടെ ചിത്രങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും പ്രദര്‍ശിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കുന്നു. വിവിധങ്ങളായ ഫ്രെയിമുകളുടെ വലിയ ശേഖരവും ക്യാന്‍വാസ് സ്ട്രെച്ചിങ്, ചിത്രരചനക്കാവശ്യമായ ക്യാന്‍വാസ്, പെയിന്റുകള്‍, ബ്രഷുകള്‍ തുടങ്ങി എല്ലാതരം ആര്‍ട്ട് മെറ്റീരിയലുകളും ആര്‍ട്ട് ഫാക്ടറിയില്‍ ലഭ്യമാണ്.
ആര്‍ട്ട് ക്ലാസുകള്‍, കാലിഗ്രാഫി ക്ലാസുകള്‍, വര്‍ക് ഷോപ്പുകള്‍, ആര്‍ട്ടിസ്റ്റുകളുമായുള്ള സംവാദങ്ങള്‍, എക്സിബിഷന്, ലൈവ് പെയിന്റിംഗ് തുടങ്ങി ചിത്രകലയുടെ എല്ലാ സാധ്യതകളും ആര്‍ട്ട് ഫാക്ടറി മുന്നോട്ട് വെക്കുന്നതോടൊപ്പം മനോഹരമായ ആയിരത്തിലധികം പെയിന്റിങ്ങുകള്‍ വില്പനക്കായി ഒരുക്കിയിരിക്കുന്നു. ഖത്തറിലെ മജ്ലിസുകളിലും മാളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആര്‍ട്ട് ഫാക്ടറിയുടെ അടയാളപ്പെടുത്തലുകള്‍ കാണാം.
ഇപ്പോള്‍ നടക്കുന്ന ഖത്തര്‍ അമീറിന്റെ പോര്‍ട്രെയിറ്റ് പെയിന്റിംഗ് എക്സിബിഷന് മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളുടെ പ്രദര്‍ശനം തുടരുന്നതാണ്. മൂന്നാം ഘട്ടത്തില്‍ നടക്കുന്ന ലൈവ് പെയിന്റിംഗില്‍ നിന്നും തെരെഞ്ഞെടുക്കുന്നവര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പോര്‍ട്രെയ്റ്റ് ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും പാരിതോഷികവും നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.

