

ദോഹ: ഗയാന സമ്മാനിച്ച രണ്ട് ജാഗ്വറുകള്‍ (അമേരിക്കന്‍ കടുവ) ഖത്തറില്‍ എത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

രണ്ട് ജാഗ്വറുകള്‍- ആണും പെണ്ണും- അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിലാണ് വസിക്കുക. ഔണ് ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും അവസരമുണ്ടെന്ന് ജാഗ്വര്‍ വാര്‍ത്ത പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ട് ജാഗ്വറുകള്‍ ലഭിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, കൂടാതെ അപൂര്‍വ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും ഈ നടപടി സഹായിക്കും.
ആമസോണ്‍ നദീതടത്തിന്റെ ഭാഗമായ വിശാലമായ മഴക്കാടുകള്‍ക്കും മികച്ച പ്രകൃതിക്കും പേരുകേട്ട ഗയാന ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ്.

