

ദോഹ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മണ്ഡലം മുന്‍ എം എല്‍ എയുമായ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

തുമാമ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളില്‍ പ്രധാനിയായ നേതാവായിരുന്നു മമ്മുണ്ണി ഹാജി എന്നും അദ്ദേഹത്തിന്റെ വേറിട്ട സേവന വഴിയും സംഭാവനകളും എന്നും ഓര്‍മ്മിക്കപ്പെടുമെന്നും കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് പറഞ്ഞു.

സാധാരണക്കാരുടെയും പാര്ട്ടിക്കിടയിലെയും പാലമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു മമ്മുണ്ണി ഹാജി. കെ എം സി സി സംസ്ഥാന സെക്രട്ടറി സലിം നാലകത്ത് അനുസ്മരിച്ചു. വസ്ത്രത്തിലും ഭാഷയിലും പെരുമാറ്റത്തിലും തനിനാടന്‍ ശൈലിയില്‍ വേറിട്ട് നിന്നും മികച്ച വികസന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹം നിര്‍വഹിച്ചത്.

പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലും എം എല്‍ എ ആയപ്പോഴും നടപ്പാക്കിയ ബഹുമുഖ പദ്ധതികള്‍ നാടിന്റെ വികസനത്തിന് ആക്കം കൂട്ടി. മികച്ച പദ്ധതി ആസൂത്രണവും നടപ്പാക്കാന്‍ കാണിക്കുന്ന ഉത്സാഹവും ഏവരാലും അദ്ദേഹത്തെ പ്രിയങ്കരനാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും അദ്ദേഹം ആശ്രയവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആരവങ്ങളില്‍ നിന്ന് മാറി നിന്ന് വിജയിപ്പിക്കാന്‍ നടത്തിയിരുന്ന ഇടപെടലുകള്‍ നേതാക്കള്‍ക്ക് ഏറെ ആശ്വാസമാകുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ധീക്ക് വാഴക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ അലി മൊറയൂര്‍, വി ടി എം സാദിഖ്, മലപ്പുറം ജില്ലാ ഭാരവാഹികളായ സവാദ് വെളിയങ്കോട്, അക്ബര്‍ വെങ്ങശ്ശേരി, മുനീര്‍, മലപ്പുറം കെ എം സി സി നേതാക്കളായ കോയ കൊണ്ടോട്ടി, അബ്ദുറഊഫ് കൊണ്ടോട്ടി, ജലീല്‍ കൊണ്ടോട്ടി, അസ്ലം ബംഗാളത്ത്, ഫിറോസ് പി ടി, ടി പി അക്ബര്‍ വാഴക്കാട്, നാനാക്കല്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

