വിസ്മയ ജീവിതത്തിന് അക്ഷര സ്മരണ; ഈസക്ക സ്മരണിക ഉടനെന്ന് കെ എം സി സി

Web Desk
2 Min Read

ദോഹ: കെ മുഹമ്മദ് ഈസയുടെ ഓര്‍മകളില്‍ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈസക്കയുടെ ജീവിതവും പാരമ്പര്യവും ആദരിച്ചായിരിക്കും സ്മരണിക പ്രസിദ്ധീകരിക്കുകയെന്ന് കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസ്സമ്മദും ജനറല്‍ സെക്രട്ടറി സലീം നാലകത്തും, ട്രഷറര്‍ പി എസ് എം ഹുസൈനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

നാട്ടിലും മറുനാട്ടിലുമായി മത- രാഷ്ട്രീയ- കലാ- കായിക- ജീവകാരുണ്യ സേവന മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിയായിരുന്ന ഈസക്ക സ്വയം പ്രചാരണമോ അംഗീകാരമോ തേടാതെ പാവപ്പെട്ടവരെ പിന്തുണച്ച് നിസ്വാര്‍ഥ സേവനമാണ് നിര്‍വഹിച്ചത്.

ജീവിതകാലം മുഴുവന്‍ വിവിധ സി എച്ച് സെന്ററുകള്‍, അനാഥാലയങ്ങള്‍, വിവിധ സാമൂഹിക സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ കേരളത്തിലുടനീളമുള്ള നിരവധി ജീവകാരുണ്യ സംഘടനകള്‍ക്ക് നിര്‍ലോഭം കരുണയും സ്‌നേഹവും സാന്ത്വനവും നല്‍കി അനേകം ജീവിതങ്ങളെയാണ് അദ്ദേഹം സ്പര്‍ശിച്ചത്.

ആവശ്യമുള്ളവരെ ഉയര്‍ത്താന്‍ അരങ്ങിനു പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ച സേവനത്തിന്റെ യഥാര്‍ഥ ആത്മാവിനെയാണ് കെ മുഹമ്മദ് ഈസ പ്രതിനിധീകരിച്ചത്.

- Advertisement -
Ad image

ഈസക്കയുടെ ജീവിതം വരും തലമുറയ്ക്കും മാതൃകയാക്കാവുന്ന തരത്തില്‍ രേഖപ്പെടുത്താനാണ് കെ എം സി സി ഉദ്ദേശിക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ കെ എം സി സി ഖത്തര്‍ അഭ്യര്‍ഥിച്ചു.

വ്യക്തിപരമായ ഓര്‍മകളും അനുഭവങ്ങളും, അദ്ദേഹത്തിന്റെ സ്വാധീനത്തിന്റേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും വിവരങ്ങള്‍, അര്‍ഥവത്തായ നിമിഷങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍, ഈസക്കയുടെ ജീവിതത്തേയും സ്വഭാവത്തേയും കുറിച്ച് എഴുതിയ ചിന്തകള്‍ തുടങ്ങിയവ ഉള്‍പ്പെടെ അയക്കാം.

കേരളത്തിലാണ് പുസ്തകം പ്രകാശനം ചെയ്യുക. ഈസക്ക എല്ലാവരുടേതുമായതിനാല്‍ സംഘടനയുടേയോ ഏതെങ്കിലും വിഭാഗത്തിന്റേയോ നിറം പുസ്തകത്തിനുണ്ടാവില്ലെന്നും ഈസക്കയുമായി ബന്ധപ്പെട്ട ഏറ്റവും പൂര്‍ണമായ കാര്യങ്ങള്‍ അടങ്ങിയ പുസ്തകത്തിനാണ് ശ്രമം നടത്തുന്നതെന്നും അതുകൊണ്ടു തന്നെ എത്ര പേജുകളുണ്ടാവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കെ എം സി സി ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിലും ഖത്തറിലുമായി വിതരണം നടത്തുന്ന പുസ്തകത്തിന് നിലവില്‍ പരസ്യങ്ങള്‍ സ്വീകരിക്കാന്‍ പദ്ധതികളില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

വിവരങ്ങള്‍ മാര്‍ച്ച് 30ന് മുമ്പ് [email protected] എന്ന വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്. സ്മരണിക ഉടന്‍ പ്രസിദ്ധീകരിക്കും.

സ്മരണികയേയും സമര്‍പ്പണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എം സി സി സംസ്ഥാന കമ്മിറ്റിയുമായോ കെ എം സി സി ജനറല്‍ സെക്രട്ടറി സലിം നാലകത്തിന്റെ 55497430 മൊബൈല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

പ്രസിദ്ധീകരണ കമ്മിറ്റി ചെയര്‍മാനായി കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിനേയും ജനറല്‍ കണ്‍വീനറായി കെ എം സി സി ഖത്തര്‍ ജനറല്‍ സെക്രട്ടറി സലീം നാലകത്തിനേയും തെരഞ്ഞെടുത്തു.

അബ്ദുന്നാസര്‍ നാച്ചി, അന്‍വര്‍ ബാബു എന്നിവര്‍ വൈസ് ചെയര്‍മാന്മാരും സവാദ് വെളിയംകോട്, ശരീഫ് മേമുണ്ട എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. പി എസ് എം ഹുസൈന്‍, അബ്ദുല്‍ റഹീം പി കെ എന്നിവര്‍ ഫിനാന്‍സ് കണ്‍ട്രോളര്‍മാരാണ്.

സി പി സൈതലവി, ശരീഫ് സാഗര്‍, എസ് എ എം ബഷീര്‍, കമാല്‍ വരദൂര്‍, സലിം നാലകത്ത് എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹി അബ്ദുന്നാസര്‍ നാച്ചി, മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട്, എം പി ഷാഫി ഹാജി എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!