

കോഴിക്കോട്: സ്പെയിനിലെ സാന്‍ സെബാസ്റ്റ്യനില്‍ നടന്ന വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്ത ലോക സാമൂഹിക സമ്പദ്ഘടനയെപ്പറ്റിയുള്ള അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമാതൃക അവതരിപ്പിച്ചു. സൊസൈറ്റിയുടെ മാതൃക വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകവും ഉച്ചകോടി പ്രസിദ്ധീകരിച്ചു.

‘സാമൂഹിക, സാമ്പത്തിക വ്യവസ്ഥയില്‍ ഊരാളുങ്കല്‍ ലോകത്തിനു നല്കുന്ന മാതൃക’ എന്ന പ്രബന്ധം ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്ററും നാഷണല്‍ ലേബര്‍ ഫെഡറേഷന് ഡയറക്ടറുമായ ടി കെ കിഷോര്‍ കുമാര്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെ കൂടാതെ ക്ഷണിക്കപ്പെട്ടത് ഗുജറാത്ത് കേന്ദ്രമായ സ്ത്രീകളുടെ ദേശീയസംഘമായ സേവ മാത്രമാണ്.

നൂറുകൊല്ലം മുമ്പ് ഇന്ത്യയില്‍ ‘കോളനിഭരണത്തിലും ജാതിവിവേചനത്തിലും ഉഴന്ന ഒരു ദരിദ്രഗ്രാമത്തില്‍ പിറന്ന ഊരാളുങ്കല്‍ സൊസൈറ്റി സാമൂഹികേച്ഛയുടെ കരുത്തിന്റേയും മൂല്യാധിഷ്ഠിതമായ സംരംഭകത്വത്തിന്റേയും സാമൂഹികമായ നൂതനാശയത്വത്തിന്റേയും മാതൃകയായി ലോകത്തിനുമുന്നില്‍ ഉയര്‍ന്നുവന്ന അനുഭവമാണു കിഷോര്‍ കുമാര്‍ പങ്കുവച്ചത്. കരുത്താര്‍ന്ന സാമൂഹികധര്‍മ്മം, കുറുക്കുവഴി തേടാതെ ഗുണമേന്മ മുന്‍ഗണന ആക്കിയത്, മുഴുവന്‍ തൊഴിലാളികളിലും ഉടമസ്ഥതാമനോഭാവം വളര്‍ത്തിയെടുത്തത്, സുതാര്യതയും മൂല്യനിഷ്ഠയും, വൈവിധ്യവത്ക്കരണതന്ത്രം, മനുഷ്യരില്‍ നടത്തിയ നിക്ഷേപം തുടങ്ങിയവ ഈ വിജയത്തിന്റെ ആണിക്കല്ലുകളായി അദ്ദേഹം അവതരിപ്പിച്ചു.
അസമത്വം കുറയ്ക്കലും സാമൂഹികതൊഴില്‍ ശക്തിപ്പെടുത്തലും കേന്ദ്രവിഷയമാക്കി സംഘടിപ്പിച്ച ആദ്യത്തെ ത്രിദിനസമ്മേളനമായ ‘അരിസ്മെന്ഡിയേറിയേറ്റ സോഷ്യല്‍ ഇക്കണോമി തിങ്ക് ടാങ്കി’ല്‍ 50 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
സാമ്പത്തിക നേട്ടങ്ങള്‍ക്കു പകരം സാമൂഹിക നേട്ടങ്ങളും സാമൂഹിക നീതിയും ലക്ഷ്യമാക്കി ഇന്നു പല രാജ്യങ്ങളിലും സാമൂഹികസമ്പദ്ഘടന സാമൂഹിക ഐക്യദാര്‍ഢ്യസമ്പദ്ഘടന എന്നീ മന്ത്രാലയങ്ങളുണ്ട്. സ്പെയിനിലെ തൊഴില്‍, സാമൂഹിക സമ്പദ്ഘടനാ മന്ത്രാലയത്തിന്റെ പിന്തുണയോടെ അവിടുത്തെ ബിസിനസ് കോണ്‍ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ ഇക്കോണമിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
സ്പെയിനിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റും തൊഴില്‍, സാമൂഹികസാമ്പദ്ഘടനാ മന്ത്രിയുമായ യോലാന്‍ഡ ഡയസ്, ഫ്രാന്‍സിന്റെ സാമൂഹിക ഐക്യദാര്‍ഢ്യ മന്ത്രി മാക്സിം ബദുവല്, ബ്രസീലിന്റെ ഐക്യദാര്ഢ്യസമ്പദ്ഘടനാ മന്ത്രി ഗില്‍ബര്‍ട്ടോ കാര്‍വാലോ, ഫലസ്തീന് അതോറിറ്റിയുടെ തൊഴില്‍ മന്ത്രി ഇനാസ് ദഹാദ അട്ടാരി, സെനഗലിന്റെ മൈക്രോഫിനാന്‍സ്, സാമൂഹിക ഐക്യദാര്‍ഢ്യ സമ്പദ്ഘടനാ മന്ത്രി ഡിയോണ്‍ അലിയോ, കെനിയയിലെ സഹകരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പാട്രിക് കിബുരി കിലെമി എന്നിവര്‍ പങ്കെടുത്തു.
ഈ സമ്മേളനം ആഗോളതലത്തില്‍ നയങ്ങള്‍ ആവിഷ്ക്കരിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും അക്കാദമികസമൂഹത്തിനും മുന്നില്‍ പ്രസക്തമായ സഹകരണ മാതൃകകള്‍, സാമൂഹിക സംരംഭങ്ങള്‍, തൊഴിലാളിസംഘടനകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന സുപ്രധാന വേദിയായി ഉച്ചകോടി മാറി. സാമൂഹിക സമ്പത്തിന്റെ മാതൃകകള്‍ ആഗോളശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമ്മേളനത്തിനു കഴിഞ്ഞു. ഇത്തരമൊരു വേദിയില്‍ കേരളത്തിന്റെ തനതായ വിജയമാതൃക അവതരിപ്പിച്ചതിലൂടെ ലോകശ്രദ്ധയിലും ചര്‍ച്ചയിലും ഊരാളുങ്കല്‍ മാതൃക സ്ഥാനംപിടിച്ചിരിക്കുകയാണ്.

