
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാലിന് തുടങ്ങുമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് .


മൂന്നാം സമ്മേളനം പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 12 വരെയാണ് സമ്മേളന കാലാവധി.
ഈ സമ്മേളനകാലത്തെ 19 ദിവസം നിയമനിര്‍മ്മാണ ചര്‍ച്ചകള്‍ക്ക് മാത്രമാണ്. വിവിധ സര്‍വകലാശാല ഭേദഗതികള്‍, ആരോഗ്യം, ചെറുകിട വ്യവസായം, കള്ള്ചെത്ത് തുടങ്ങിയ നിരവധി ബില്ലുകളും ഈ സമ്മേളന കാലത്ത് പരിഗണിക്കും. 45 ഓര്‍ഡിനന്‍സുകള്‍ നിലവിലുണ്ടെന്നും അവയെല്ലാം ബില്ലുകളായി മാറുമെന്നും സ്പീക്കര്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ നിയമസഭ ചേരാന്‍ കഴിയാതെ വന്നപ്പോഴാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നത്. കഴിയുന്നതും സഭയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആ സമ്മേളനത്തില്‍ തന്നെ മറുപടി നല്‍കണമെന്ന നിലപാടിലാണ് സ്പീക്കര്‍.
നിയമസഭയെ കടലാസ് രഹിതമാക്കാനുള്ള ഇ-നിയമസഭ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. നവംബര്‍ ഒന്നിന് കേരള പിറവിയോടനുബന്ധിച്ച് എല്ലാ സഭാ നടപടികളും കടലാസ് രഹിതമാക്കാന്‍ തുടക്കം കുറിക്കും. മൂന്നാം സമ്മേളന കാലത്ത് നിയന്ത്രിതമായ നിലയില്‍ സന്ദര്‍ശകരെ സഭയില്‍ പ്രവേശിപ്പിക്കും. ഇതിന് പുറമെ നിയമസഭയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വിപുലമായി ആ ഘോഷിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
