

കൊച്ചി: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യകരമായ പരിസ്ഥിതി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്ഷോര് ആശുപത്രി ഹരിത ക്യാമ്പയിന് ‘തണല്‍’ ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 1,000 മരങ്ങള്‍ നടുക എന്നതാണ് ‘തണല്‍’ പദ്ധതി ലക്ഷ്യമിടുന്നത്.

ലോക പരിസ്ഥിതി ദിനത്തില്‍ വിപിഎസ് ലേക്ഷോര് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ളയും സീനിയര്‍ ഡയറക്ടര്‍ കെ വി ജോണിയും ചേര്‍ന്ന് മരം നട്ട് ക്യാമ്പയിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വീടുകളില്‍ തൈകള്‍ നടാന്‍ സ്ഥലസൗകര്യമുള്ള 1000 ആശുപത്രി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമാണ് ഹോസ്പിറ്റല്‍ തൈകള്‍ കൈമാറിയത്.

തൈകള്‍ ജിയോടാഗ് ചെയ്യുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്ന സ്റ്റാഫിന് അടുത്ത വര്‍ഷം സമ്മാനം നല്‍കുമെന്നും ആശുപത്രി അറിയിച്ചു. ‘പരിസ്ഥിതി സംരക്ഷണം ആരോഗ്യ സംരക്ഷണത്തിന്റെ കൂടെ ഭാഗമാണ്. മരം നടുന്നതിനൊപ്പം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ കൂടി നമ്മള് ശ്രമിക്കണം. 1000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ ഹോസ്പിറ്റല്‍ ഇന്ന് ഒരു വലിയ ഒരു ഹരിത ക്യാമ്പയിനാണ് തുടക്കം കുറിക്കുന്നത്,’ എസ് കെ അബ്ദുള്ള പറഞ്ഞു.
തൈകള്‍ നടുന്നതിന് പുറമേ ഇ-മാലിന്യ സംസ്കരണ കമ്പനിയായ എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പ്രത്യേക ഇ- മാലിന്യ ശേഖരണ- സംസ്കരണ പരിപാടിയും ആശുപത്രി ആരംഭിച്ചു. ഉപയോഗിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഡിജിറ്റല്‍ മാലിന്യങ്ങളുടെയും സുരക്ഷിതമായ നിര്‍മാര്‍ജനം ഈ സഹകരണത്തിലൂടെ ഉറപ്പാക്കും.

