

ദോഹ: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദഹല്‍ അല്‍ ഹമാം പാര്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം ഔദ്യോഗികമായി തുറന്നു.

ദോഹ മുനിസിപ്പാലിറ്റി അധികാരപരിധിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാലുമായി ഏകോപിപ്പിച്ചാണ് നവീകരിച്ചിരിക്കുന്നത്.

ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ഖത്തര്‍ ദേശീയ ദര്‍ശനം 2030നെ നേരിട്ട് പിന്തുണയ്ക്കുന്നതാണ് പദ്ധതി.
പുതുക്കിയ ദഹല്‍ അല്‍ ഹമാം പാര്‍ക്കില്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച നാല് കളിസ്ഥലങ്ങള്‍, 900 പേര്‍ക്ക് ഇരിക്കാവുന്ന ദഹല്‍ അല്‍ ഹമാം തിയേറ്റര്‍ എന്ന ഔട്ട്‌ഡോര്‍ ആംഫി തിയേറ്റര്‍, ആഘോഷ മേഖലയും കമ്മ്യൂണിറ്റി പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി മള്‍ട്ടി പര്‍പ്പസ് ഹാള്‍, 390 മീറ്റര്‍ ജോഗിംഗ് ട്രാക്ക്, മൂന്ന് ഔട്ട്‌ഡോര്‍ ഫിറ്റ്‌നസ് സോണുകള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഭക്ഷണ പാനീയങ്ങള്‍ക്കായി മൂന്ന് കിയോസ്‌കുകള്‍, പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു കഫേ, സന്ദര്‍ശകര്‍ക്കായി 220 പാര്‍ക്കിംഗ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
അതോടൊപ്പം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പ്രാര്‍ഥനാ മുറികള്‍, പാര്‍ക്ക് മാനേജ്‌മെന്റിനും അറ്റകുറ്റപ്പണികള്‍ക്കുമായി പ്രത്യേക ഭരണ കെട്ടിടം, വികലാംഗര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സൗകര്യങ്ങള്‍, നിരവധി കുടുംബ ഇരിപ്പിടങ്ങള്‍, ആധുനിക ശുചിത്വ സൗകര്യങ്ങള്‍, ജലസേചന വാട്ടര്‍ ടാങ്ക്, തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഓണ്‍- സൈറ്റ് പവര്‍ സ്റ്റേഷന്‍ എന്നിവ അധിക സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.
പാര്‍ക്കിന്റെ പരിസ്ഥിതി സൗഹൃദം ശക്തിപ്പെടുത്തുന്ന സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ചാര്‍ജിംഗ് സ്റ്റേഷനുകളും പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.

