ലഖിംപൂര്‍ ഖേരിയിലേക്ക് പോയ പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍

Web Desk
2 Min Read

ലഖ്നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. ബി എസ് പി നേതാക്കളെ തടഞ്ഞു. കര്‍ഷക പ്രതിഷേധത്തിനു നേരെ വാഹനമിടിച്ചു കയറി സംഘര്‍ഷം സൃഷ്ടിച്ചതിന് പിന്നാലെ യു പിയില്‍ നാടകീയ സംഭവങ്ങള്‍.

city exchange

പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതായി കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ താന്‍ നടന്നുപോകുമെന്ന് പ്രഖ്യാപിച്ചതോടെ വാഹനം കടത്തിവിടാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. ഇത് കര്‍ഷകരുടെ രാജ്യമാണെന്നും പ്രിയങ്കാ ഗാന്ധി ലഖ്‌നൗവില്‍ ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- Advertisement -
Ad image

പ്രിയങ്ക ലഖിംപൂരിലെത്തിയെന്ന് എ ഐ സി സി ട്വീറ്റ് ചെയ്തിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രിനിവാസ് ബി വി പിന്നീട് ട്വീറ്റ് ചെയ്യുകയായിരുന്നു.

പ്രിയങ്കയെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

ബി എസ് പി സംഘം ലഖിംപൂര്‍ ഖേരിയിലേക്ക് പോകുമെന്ന് ഇന്നലെ രാത്രി പറഞ്ഞിരുന്നു. സംഘത്തേയും ലഖിംപുര്‍ ഖേരിയിലേക്ക് പോകുന്നതില്‍ നിന്നും യു പി പൊലീസ് തടഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ കാര്‍ ഇടിച്ചു കയറ്റിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ ബി ജെ പി പ്രവര്‍ത്തകരും വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയ ഡ്രൈവറുമാണ്. എന്നാല്‍ തന്റെ മകന്‍ സംഘത്തിലില്ലെന്നും യാത്രയിലാണെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറയുന്നത്. കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അജയ് മിശ്ര പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവമെന്നത് ബി ജെ പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചെന്നാണ് ലഖിംപൂര്‍ എ എസ് പി മാധ്യമങ്ങളോട് പറഞ്ഞത്. നാല് പേര്‍ സമരത്തിന് എത്തിയ കര്‍ഷകരും നാല് പേര്‍ കാറിലുണ്ടായിരുന്നവരുമാണെന്നാണ് പൊലീസ് പറയുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍.

Share This Article
Leave a Comment
error: Content is protected !!