
ദോഹ: നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പിന്റെ ആദ്യ മീറ്റില്‍ ഖത്തറില്‍ നിന്നും മൂന്നുപേര്‍ പങ്കെടുത്ത് രൂപരേഖകള്‍ അവതരിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മീറ്റില്‍ പങ്കെടുത്തു.

അഞ്ച് നിര്‍ണായക മേഖലകളിലായി വികസന മാതൃകകള്‍ തയ്യാറാക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതിലധികം ആഗോള മലയാളി നേതാക്കളാണ് നോര്‍ക്ക മീറ്റില്‍ പങ്കെടുത്തത്. ഐ ബി പി സി ഖത്തര്‍ പ്രസിഡന്റും ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ ക്ലബ് ഓഫ് ദി ജി സി സി സെക്രട്ടറിയുമായ താഹ മുഹമ്മദ് അബ്ദുല്‍ കരീം സുപ്രധാന സെഷനില്‍ നേതൃത്വം നല്കി. ‘കേരളത്തിന്റെ ഭാവിയെ ശാക്തീകരിക്കല്‍: വിദ്യാഭ്യാസം, നൈപുണ്യം, നവീകരണം എന്നിവയ്ക്കുള്ള ഒരു കാഴ്ചപ്പാട്’ എന്ന പദ്ധതി അദ്ദേഹം അവതരിപ്പിച്ചു.

ദോഹയിലെ ബയോടെക് മെഡിക്കല്‍ സി ഇ ഒയും കാല് നൂറ്റാണ്ടിലധികം പരിചയസമ്പത്തുമുള്ള സമീര്‍ അബ്ദുള്ള ‘ആരോഗ്യ സംരക്ഷണം, ലൈഫ് സയന്‍സസ്’ സെഷനില്‍ സംസാരിച്ചു. ‘സുസ്ഥിരത, കാലാവസ്ഥാ പ്രതിരോധശേഷി, പുതിയ ഊര്‍ജ്ജം’ എന്ന സെഷനില്‍ ദോഹയിലെ ഒറിക്സ് ജിടിഎല്‍ ലീഡ് പ്ലാനിംഗ് എഞ്ചിനീയര്‍ നിധിന് ഓതേരി വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ നല്കി.
