

ന്യൂഡല്‍ഹി: പാക്കിസ്താനിലും പാക്ക് അധിനിവേശ കശ്മീരിലും ഒന്‍പതിടങ്ങളില്‍ ഇന്ത്യയുടെ മിസൈല്‍ ആക്രമണം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിട്ട ദൗത്യം ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്.

മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഷ്‌കറെ ത്വയ്യിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. നീതി നടപ്പാക്കിയെന്നാണ് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചത്.

പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പുറത്തുവിടും.

അര്‍ധരാത്രി അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താത്ക്കാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നല്‍കുമെന്ന് പാക്കിസ്താന്‍ പ്രതികരിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്താന്‍ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്താന്‍ സൈന്യം വെടിവയ്പ്പ് ആരംഭിച്ചു.
ഏപ്രില്‍ 22ന് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ ഭീകരാക്രമണമുണ്ടായതിനുള്ള പ്രതികാരമായാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.
ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
പാകിസ്താനും പാക് അധിനിവേശ കശ്മീരും ലക്ഷ്യമിട്ട് ഇന്ത്യന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തെ ‘ഭീരുത്വം’ എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിശേഷിപ്പിച്ചത്.
തങ്ങള്‍ തിരിച്ചടിക്കാനുള്ള പ്രക്രിയയിലാണെന്നാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി പറഞ്ഞത്.
ഇന്ത്യ അടിച്ചേല്‍പ്പിച്ച ഈ യുദ്ധനടപടിയോട് ശക്തമായി പ്രതികരിക്കാന്‍ പാകിസ്താന് എല്ലാ അവകാശവുമുണ്ടെന്നും ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.
‘ശത്രുവിനെ എങ്ങനെ നേരിടണം’ എന്ന കാര്യത്തില്‍ ‘മുഴുവന്‍ രാഷ്ട്രവും’ പാകിസ്താന്റെ സായുധ സേനയ്ക്കൊപ്പം നില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ജെറ്റുകള്‍ വെടിവച്ചിട്ടതായി പാകിസ്താന്‍ സായുധ സേനയുടെ മീഡിയ വിംഗ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് ഇന്ത്യന്‍ ജെറ്റുകള്‍ സൈന്യം വെടിവച്ചിട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ പഞ്ചാബ് പ്രവിശ്യയിലെ ബട്ടിന്‍ഡയില്‍ ഒരു ജെറ്റും കശ്മീരിലെ അവന്തിപോറയിലും അഖ്നൂറിലും രണ്ട് ജെറ്റുകളും വെടിവച്ചുവീഴ്ത്തിയെന്നും ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജെറ്റുകള്‍ അവരുടെ വ്യോമാതിര്‍ത്തിയിലായിരുന്നുവെന്നും തങ്ങള്‍ മിസൈലുകള്‍ പ്രയോഗിച്ചുവെന്നും പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്താനിലെ സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങളിലൂടെയാണ് ഇന്ത്യ സംഘര്‍ഷം ആരംഭിച്ചതെന്നും തങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടിവന്നുവെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കേണ്ടിവന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അറിയാമെന്നും ‘ഇപ്പോള്‍ വിലയിരുത്തല്‍ നല്‍കാന്‍ കഴിയില്ല’ എന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആണവായുധങ്ങളുള്ള അയല്‍ക്കാര്‍’ പിരിമുറുക്കം കുറക്കണമെന്നും ‘ഉത്തരവാദിത്തപരമായ പരിഹാരത്തില്‍’ എത്തിച്ചേരണമെന്നും
സമീപ ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് ശേഷം യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പാകിസ്താനെ കുറ്റപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എയര്‍ ഇന്ത്യ രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അമൃത്സറിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്കാണ് തിരിച്ചുവിട്ടത്.
ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു.

