
ദോഹ: ഖത്തര്‍ സാമൂഹിക വികസന- കുടുംബകാര്യ മന്ത്രാലയവും പരാഗ്വേ സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ സാമൂഹികകാര്യങ്ങളിലെ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഖത്തര്‍ വികസന- കുടുംബകാര്യ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയും പരാഗ്വേ് പ്രസിഡന്റിന്റെ സാമൂഹിക- സാമ്പത്തികകാര്യ മന്ത്രിസഭാ ഉപദേഷ്ടാവ് ഹുവാന്‍ ഹോസെ ഗലെയാനോയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയുടെ ഭാഗമായായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവെക്കല്‍.

സാമൂഹിക ക്ഷേമം, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം, മുതിര്‍ന്നവര്‍, വൈകല്യമുള്ളവര്‍, കുടുംബം, വനിതകള്‍, കുട്ടികള്‍ തുടങ്ങിയ മേഖലകളില്‍ പരിജ്ഞാന- പരിചയവിനിമയം ശക്തിപ്പെടുത്തുകയും സാങ്കേതിക- സ്ഥാപനാത്മക സഹകരണത്തിനുള്ള വഴികള്‍ വികസിപ്പിക്കുകയുമാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.

ഇരുരാജ്യങ്ങളും പരസ്പര താത്പര്യമുള്ള വിഷയങ്ങളിലെ പഠനങ്ങള്‍, വിവരങ്ങള്‍, പരിചയങ്ങള്‍ എന്നിവ കൈമാറുന്നതിനോടൊപ്പം ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും ഭാവി പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുമായി സംയുക്ത കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ സംയുക്ത പദ്ധതികളുടെയും നവോഥാന ശ്രമങ്ങളുടെയും സ്ഥിരത വര്‍ധിപ്പിക്കാനാണ് ഉദ്ദേശം.
ഖത്തര്‍ ദേശീയ ദര്‍ശനം 2030 അനുസരിച്ച് സാമൂഹികവും മാനവികവുമായ വികസന മേഖലകളില്‍ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ വിപുലപ്പെടുത്തുകയും വ്യക്തി ശക്തീകരണത്തിലും സാമൂഹിക നീതിയിലുമുള്ള വിജയകരമായ അനുഭവങ്ങള്‍ കൈമാറുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

