
ദോഹ: ഖത്തര്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനിയും ബഹ്റൈന്‍ ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ഖത്തറും ബഹ്റൈനും തമ്മിലുള്ള കടല്‍ഗതാഗത ബന്ധത്തിന് തുടക്കം കുറിച്ചു. ഇതോടെ ഇരു രാജ്യങ്ങളുടേയും സൗഹൃദവും സഹകരണവുമായ ബന്ധങ്ങളില്‍ പുതിയ അധ്യായത്തിന് തുടക്കമായി.

യാത്രക്കാരെ മാത്രം ലക്ഷ്യമാക്കി ആരംഭിച്ച നേരിട്ടുള്ള ഫെറി സേവനം 35 നാവിക മൈല്‍ (ഏകദേശം 65 കിലോമീറ്റര്‍) ദൂരമാണ് യാത്ര ചെയ്യുന്നത്. ഖത്തറിലെ വടക്കന്‍ ഭാഗമായ അല്‍ റുവൈസ് തുറമുഖത്തെയും ബഹ്റൈനിലെ സാഅദ മറീനയെയാണ് ഫെറി സര്‍വീസ് ബന്ധിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളുടേയും സാഹോദര്യബന്ധം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്നും ജി സി സി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്ന തന്ത്രപരമായ ചുവടുവെയ്പാണ് ഇതെന്നും ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി പറഞ്ഞു.
ഖത്തറിന്റെ വികസനപരവും തന്ത്രപരവുമായ പങ്കാളിത്തം ബഹ്റൈനോടൊപ്പം കൂടുതല്‍ ഉറപ്പിക്കുന്നതിലും ഗതാഗത മേഖലയെയും അതുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് സേവനങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നതിലും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും മന്ത്രാലയങ്ങള്‍ ചേര്‍ന്ന് യാത്രാ സുരക്ഷ, ഗുണനിലവാരം, പ്രവര്‍ത്തന നിലവാരം എന്നിവയില്‍ ഉയര്‍ന്ന നിലവാരങ്ങള്‍ ഉറപ്പാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാരന് സൗകര്യപ്രദവും സുരക്ഷിതവുമായ അനുഭവം നല്‍കുകയെന്നതാണ് ലക്ഷ്യം.
ബഹ്റൈന്‍ ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തോടും ഇരുരാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജന്‍സികളോടും സഹകരണത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.
യാത്രക്കാരെ കൊണ്ടുപോകുന്നതില്‍ മാത്രം ഒതുങ്ങാതെ ഫെറി സര്‍വീസ് വിവിധ സാമ്പത്തിക, ടൂറിസം, സേവന മേഖലയിലേക്കും പുതിയ സാധ്യതകള്‍ തുറക്കുന്ന ഗുണപരമായ ഒരു മുന്നേറ്റമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ഫെറി സര്‍വീസിലൂടെ അല്‍ റുവൈസ് തുറമുഖത്തുനിന്ന് സാഅദ മറീനയിലേക്കുള്ള യാത്രയ്ക്ക് 70 മുതല്‍ 80 മിനിറ്റ് വരെയാണ് സമയമെടുക്കുക. യാത്ര ബുക്ക് ചെയ്യാന്‍ മസാര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
ആദ്യ ഘട്ടത്തില്‍ ഈ സേവനം ജി സി സി അംഗങ്ങളിലെ പൗരന്മാര്ക്ക് മാത്രമായിരിക്കും. നവംബര്‍ 12 വരെ പ്രതിദിനം രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും. നവംബര്‍ 13 മുതല്‍ 22 വരെ ഇത് മൂന്നു സര്‍വീസുകളായി വര്‍ധിപ്പിക്കും. പിന്നീട് യാത്രക്കാരുടെ ആവശ്യമനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും.
സ്റ്റാന്‍ഡേര്‍ഡ്, വി ഐ പി വിഭാഗങ്ങളിലുള്ള രണ്ട് തരത്തിലുള്ള കപ്പലുകള്‍ ഉണ്ടായിരിക്കും. സ്റ്റാന്‍ഡേര്‍ഡ് കപ്പലില്‍ 28 പേര്‍ക്കും വി ഐ പി കപ്പലില്‍ 32 പേര്‍ക്കും ഒരേസമയം യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. എല്ലാ കപ്പലുകളിലും ആധുനിക സൗകര്യങ്ങളും അതിഥിസല്‍ക്കാര സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയും കസ്റ്റംസ് നടപടികളും ഇരുരാജ്യങ്ങളിലും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും.
ഗള്‍ഫ് മേഖലയിലെ കടല്‍ ഗതാഗത രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്ന പദ്ധതി പ്രദേശിക ഏകീകരണവും യാത്രാ സൗകര്യങ്ങളും കൂടുതല്‍ സുഗമമാക്കുന്നതിലൂടെ ജി സി സിയുടെ ഏകീകൃതവും സുരക്ഷിതവുമായ സ്ഥിരതയുള്ള ഗതാഗത വ്യവസ്ഥയുടെ ദര്‍ശനം യാഥാര്‍ഥ്യമാക്കുന്നു.

