
ദോഹ: യമനിലെ തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒമാന്റെ തലസ്ഥാനമായ മസ്‌കത്തില്‍ ഒപ്പുവെച്ച കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു. മനുഷ്യാനുകൂല പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് നയിക്കുന്നതിനുമുള്ള പ്രധാനപ്പെട്ട ചുവടുവെയ്പ്പായാണ് ഖത്തര്‍ ഇതിനെ കാണുന്നതെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

യമനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും സൗകര്യം ഒരുക്കുകയും ചെയ്ത ഒമാന്‍ സുല്‍ത്താനേറ്റിന്റെ ശ്രമങ്ങളെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. കൂടാതെ യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്റെ ഓഫിസിനെയും അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയെയും മന്ത്രാലയം അഭിനന്ദിച്ചു.

യമനിനോടുള്ള ഖത്തറിന്റെ അചഞ്ചലമായ പിന്തുണ മന്ത്രാലയം വീണ്ടും ഉറപ്പിച്ചു. സുരക്ഷ, സ്ഥിരത, വികസനം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് യനിലെ ജനങ്ങളെ സഹായിക്കുന്നതിലുള്ള ഖത്തറിന്റെ പ്രതിബദ്ധത തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
