ലുസൈല്‍ ബൊളിവാര്‍ഡിലെ ഡിസംബര്‍ 31 വെടിക്കെട്ട് പ്രദര്‍ശന സൗകര്യം കുടുംബങ്ങള്‍ക്ക് മാത്രം

Web Desk
2 Min Read

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡില്‍ ഡിസംബര്‍ 31ന് നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാനുള്ള സൗകര്യം കുടുംബങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സന്ദര്‍ശകരുടെ ഗതാഗതം സുഗമമാക്കുന്നതിന് ലുസൈല്‍ സിറ്റി വിശദമായ പാര്‍ക്കിംഗ്, ഗതാഗത പദ്ധതി പുറത്തിറക്കിയിട്ടുണ്ട്.

city exchange

അനധികൃത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നിയമലംഘന നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

അല്‍ ഖോര്‍ കോസ്റ്റല്‍ റോഡിലൂടെയോ ലുസൈല്‍ എക്‌സ്പ്രസ്വേയിലൂടെയോ ദോഹയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് മഞ്ഞ നിറത്തില്‍ അടയാളപ്പെടുത്തിയ അല്‍ വാദി പാര്‍ക്കിംഗ് മേഖലയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, വെസ്റ്റ് ദോഹയില്‍ നിന്നുള്ള സന്ദര്‍ശകര്‍ അല്‍ ഖോര്‍ കോസ്റ്റല്‍ റോഡിലെ എക്‌സിറ്റ് 29എ വഴി പ്രവേശിച്ച് ലുസൈല്‍ സ്ട്രീറ്റിലെ ദിശാ ബോര്‍ഡുകള്‍ പിന്തുടര്‍ന്ന് മഞ്ഞ നിറത്തില്‍ അടയാളപ്പെടുത്തിയ അല്‍ ഖറായിജ് പാര്‍ക്കിംഗ് മേഖല ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ അല്‍ ഖറായിജ് പാര്‍ക്കിംഗും അല്‍ വാദി പാര്‍ക്കിംഗും ഉള്‍പ്പെടെ എല്ലാ പൊതു പാര്‍ക്കിംഗ് മേഖലകളിലും ഷട്ടില്‍ ബസ് സേവനം ലഭ്യമാകും. ഈ ബസുകള്‍ സന്ദര്‍ശകരെ ലുസൈല്‍ ബൊളിവാര്‍ഡിലേക്കും തിരിച്ചും എത്തിക്കും.

ബൊളിവാര്‍ഡിന് സമീപമുള്ള നിശ്ചിത പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് കേന്ദ്രങ്ങളില്‍ ടാക്‌സി സേവനങ്ങളും ലഭ്യമാകും.

കൂടാതെ, സന്ദര്‍ശകര്‍ക്ക് ലുസൈല്‍ ക്യു എന്‍ ബി മെട്രോ സ്റ്റേഷന്‍ വഴി ലുസൈല്‍ ബൊളിവാര്‍ഡില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയും.

ലുസൈല്‍ ബൊളിവാര്‍ഡിലെ പരിപാടി വലിയ ജനപങ്കാളിത്തം ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ വിവിധ പ്രവര്‍ത്തനങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വൈകുന്നേരം ബൊളിവാര്‍ഡിലെ ഐകോണിക് ടവറുകളില്‍ 3ഡി മാപ്പിംഗ്, ലേസര്‍ ഷോ നടക്കും. തുടര്‍ന്ന് അര്‍ധരാത്രിയില്‍ കൗണ്ട്ഡൗണ്‍, വെടിക്കെട്ട്, പൈറോഡ്രോണ്‍ പ്രദര്‍ശനം എന്നിവ അരങ്ങേറും.

അതേസമയം, ടിക്കറ്റുടമകള്‍ക്ക് മാത്രമായി പ്രവേശനം അനുവദിക്കുന്ന സ്വകാര്യ വേദിയായ ‘ലുസൈല്‍ ബൊളിവാര്‍ഡ് അല്‍ മജ്‌ലിസ്’ വിഭാഗത്തിനുള്ള ടിക്കറ്റുകളും ലഭ്യമാണ്. ടിക്കറ്റുള്ളവര്‍ക്കായി മാത്രം സ്വകാര്യ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സാധുവായ ടിക്കറ്റ് പരിശോധനയ്ക്ക് വിധേയമായിരിക്കും.

‘മജ്‌ലിസ്’ വിഭാഗത്തിലുള്ള ടിക്കറ്റുകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 300 റിയാലും ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 150 റിയാലുമാണ് നിരക്ക്. ആറു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

എല്ലാ ടിക്കറ്റുടമകള്‍ക്കും സൗജന്യ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്നതോടൊപ്പം പരിപാടിക്കിടെ സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!