
ദോഹ: ആരോഗ്യ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍ത്ത് കോംപ്ലക്‌സിലെ ഡെര്‍മറ്റോളജി ആന്‍ഡ് ലേസര്‍ യൂണിറ്റ് താത്കാലികമായി അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന തുടര്‍ച്ചയായ നിരീക്ഷണ നടപടികളുടെയും പരിശോധനാ സന്ദര്‍ശനങ്ങളുടെയും ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിശോധനയില്‍ കണ്ടെത്തിയ പ്രധാന ലംഘനങ്ങളില്‍ വിദഗ്ധ ഡെര്‍മറ്റോളജിസ്റ്റിന്റെ സാന്നിധ്യമില്ലാതെ ഡെര്‍മറ്റോളജി- ലേസര്‍ യൂണിറ്റ് പ്രവര്‍ത്തിച്ചതും പ്രൊഫഷണല്‍ ലൈസന്‍സും അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനപരിധിയും ലംഘിച്ച് നഴ്സിംഗ് സ്റ്റാഫ് ഡോക്ടറുടെ പരിശോധനയോ മേല്‍നോട്ടമോ ഇല്ലാതെ രോഗികള്‍ക്ക് ലേസര്‍ ചികിത്സ നടത്തിയതും ഉള്‍പ്പെടുന്നു. കൂടാതെ, വിദഗ്ധ ഡോക്ടര്‍ രാജ്യത്തിന് പുറത്തിരിക്കെ അദ്ദേഹത്തിന്റെ മുദ്ര ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട ഹെല്‍ത്ത് കോംപ്ലക്‌സിനും നിയമലംഘനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ലൈസന്‍സ് ലഭിച്ച എല്ലാ ആരോഗ്യസ്ഥാപനങ്ങളും ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ ഡയറക്ടര്‍മാര്‍ സ്ഥാപനങ്ങളില്‍ അവരുടെ മേല്‍നോട്ടവും നിയന്ത്രണ ചുമതലകളും ഫലപ്രദമായി നിര്‍വഹിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമായി, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനപരിധിക്കുള്ളില്‍ മാത്രം സേവനം നല്‍കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു.

