
മനാമ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബഹറൈനില്‍ എത്തിച്ചേരേണ്ട നിരവധി വിമാനങ്ങല്‍ വഴി തിരിച്ചുവിട്ടു. പല വിമാനങ്ങളും സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ യാത്രക്കാര്‍ അനിശ്ചിതത്വത്തിലായി.

മുംബൈയിലേക്ക് പോകേണ്ട ഇന്‍ഡിഗോ, ഡല്‍ഹി, ദുബൈ, ബെംഗളൂരു, ദോഹ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പറക്കേണ്ടിയിരുന്ന ഗള്‍ഫ് എയര്‍, ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്സ് തുടങ്ങി നിരവധി സര്‍വീസുകള്‍ വൈകിയിരുന്നു. ചില വിമാന സര്‍വീസുകള്‍, ദമാം, ദോഹ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു.

ആഗോള ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ളൈറ്റ്റഡാര്‍ പ്രകാരം കാഴ്ച വ്യക്തമാകാത്തതിനാലും സുരക്ഷാ കാരണങ്ങളാലും വിമാനങ്ങള്‍ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്തിലേക്കും ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് വഴി തിരിച്ചു വിട്ടതെന്ന് വ്യക്തമാക്കുന്നു.
ബഹറൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂളുകള്‍ പ്രകാരം വരുന്നതും പോകുന്നതുമായ നിരവധി വിമാനങ്ങള്‍ വൈകുന്നതായോ റീഷെഡ്യൂള്‍ ചെയ്തതായോ രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടന്‍, കുവൈത്ത്, റിയാദ്, അബുദാബി, ഷാര്‍ജ വിമാനങ്ങളെയാണ് സര്‍വീസുകള്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
പുലര്‍ച്ചെയോടെ കടുത്ത മൂടല്‍ മഞ്ഞിന് ശമനമുണ്ടായെങ്കിലും പല വിമാനങ്ങളുടേയും റീഷെഡ്യൂളുകള് വ്യക്തമായിട്ടില്ല.

