
അഹമ്മദാബാദ്: ഐ സി സി പുരുഷ ടി20 ലോകകപ്പ് കിരീടം മൂന്നാം തവണയും ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ ന്യുസിലാന്റിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടജേതാക്കളായത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 255ന് 5, ന്യൂസിലാന്റ് 19 ഓവറില്‍ 159ന് എല്ലാവരും പുറത്ത്.

ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമും ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമുമെന്ന നേട്ടം ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ 92 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ രണ്ടാമത്തെ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് ശര്‍മ്മ മികച്ച തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി നേടി ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഇഷാന്‍ കൃഷ്ണ വേഗത്തിലുള്ള അര്‍ധസെഞ്ചുറിയുമായി സ്‌കോര്‍ 16 ഓവറില്‍ തന്നെ 200 കടക്കാന്‍ സഹായിച്ചു. 46 പന്തില്‍ 89 റണ്‍സെടുത്ത് സഞ്ജു സാംസണാണ് ഫൈനലിലെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും സഞ്ജുവാണ്- 326 റണ്‍സ്.
തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടാണ് ന്യൂസിലാന്റ് കളി തുടങ്ങിയത്. ഒടുവില്‍ 19 ഓവറില്‍ 159 റണ്‍സില്‍ എല്ലാവരും പുറത്തായി ന്യൂസിലാന്റ് കളി അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുമായി അക്ഷര്‍ പട്ടേലും നാലു വിക്കറ്റുമായി ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ജയത്തെ കൂടുതല്‍ എളുപ്പമാക്കി.

