

ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലോകസമാധാന സന്ദേശം പങ്കുവയ്ക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ഥന ഫിഫ നിരസിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 18 ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിന് മുമ്പ് തന്റെ സന്ദേശം അറിയിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു സെലെന്‍സ്‌കിയുടെ അഭ്യര്‍ഥന.

തങ്ങള്‍ ഒരു ആഗോള സംഘടനയാണെന്നും ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രസ്താവനകള്‍ നടത്താനുള്ള വേദിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സെലെന്‍സ്‌കിയുടെ അഭ്യര്‍ഥന നിസരിച്ചുകൊണ്ട് ഫിഫ അറിയിച്ചു. അതേസമയം ഫിഫയും യുക്രൈനും തമ്മില്‍ ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയെ ഫിഫ വിലക്കിയിരുന്നു.

ഇസ്രായേല്‍ പാര്‍ലമെന്റ്, ഗ്രാമി അവാര്‍ഡുകള്‍, കാന്‍ ഫിലിം ഫെസ്റ്റിവല്‍, ജി 20 ഉച്ചകോടി എന്നിവയുള്‍പ്പെടെ സര്‍ക്കാര്‍, സാംസ്‌കാരിക പരിപാടികളില്‍ യുക്രൈന്‍ പ്രസിഡന്റ് ലോക വേദിയില്‍ സമാധാനത്തിനും സഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിരുന്നു. സീന്‍ പോള്‍, ഡേവിഡ് ലെറ്റര്‍മാന്‍ എന്നിവരുള്‍പ്പെടെ വിവിധ പത്രപ്രവര്‍ത്തകരുമായും പ്രശസ്ത വിനോദക്കാരുമായും സെലെന്‍സ്‌കി അഭിമുഖങ്ങളും സംഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

