

ദോഹ: റമദാന്‍ പുസ്തക മേള ആദ്യ എഡിഷന് വെള്ളിയാഴ്ച തുടക്കം. സൂഖ് വാഖിഫില്‍ നടക്കുന്ന മേളയില്‍ ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 35 പ്രസാധകരാണ് പങ്കെടുക്കുന്നത്.

കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരവധി സാംസ്‌ക്കാരിക പരിപാടികള്‍ പുസ്തകമേളയോടനുബന്ധിച്ച് അരങ്ങേറും.

സൗദി അറേബ്യ, കുവൈത്ത്, ലബനാന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, ഇന്ത്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. ഇതിനു പുറമേ പ്രാദേശികമായി 17 പുസ്തക പ്രസാധകരും പങ്കെടുക്കും. ഇമാം ബുഖാരി ഹൗസ്, ഖത്തര്‍ റീഡ്‌സ്, അക്കാസ് സെന്റര്‍, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസ്, ഖുര്‍ആനിക്ക് ബോട്ടാനിക്ക് ഗാര്‍ഡന്‍, വിഷ്വല്‍ ആര്‍ട്‌സ് സെന്റര്‍, സമര്‍ക്കന്ദ് ലൈബ്രറി, ദാറുല്‍ വതാദ്, ദാര്‍ നജ്ബ, ദാറുല്‍ ശര്‍ഖ് ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രസാധകരാണ് പങ്കെടുക്കുന്നത്.
നോമ്പു തുറക്ക് ശേഷം ആരംഭിക്കുന്ന പുസ്തക മേള രാത്രി 12 മണി വരെയാണ് അരങ്ങേറുക. സൂഖ് വാഖിഫില്‍ പടിഞ്ഞാറു ഭാഗത്താണ് പുസ്തക മേള. ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ഏപ്രില്‍ 16 വരെ തുടരും.

