ഏഷ്യയുടെ സംയുക്ത ഭാവി രൂപപ്പെടുത്താന്‍ ‘തന്ത്രപരമായ വിശ്വാസം’ അനിവാര്യം: താഹ മുഹമ്മദ് അബ്ദുല്‍ കരീം

Web Desk
2 Min Read

ദോഹ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യയുടെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ഹൊറാസിസ് ഏഷ്യ മീറ്റിംഗ് 2026-ല്‍ 36 രാജ്യങ്ങളിലെ 200 പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

city exchange

ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) ഖത്തര്‍ പ്രസിഡന്റും വത്നാന്‍ ഹോള്‍ഡിങ് ചെയര്‍മാന്റെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറുമായ താഹ മുഹമ്മദ് അബ്ദുല്‍ കരീം, ‘മാറുന്ന ലോകത്ത് ഏഷ്യയുടെ സംയുക്ത ഭാവി: സഹകരണത്തിന്റെ പുതിയ ദിശകള്‍’ എന്ന വിഷയത്തില്‍ നടന്ന ഉന്നതതല പാനല്‍ ചര്‍ച്ചയില്‍ വിശിഷ്ട പാനലിസ്റ്റായി പങ്കെടുത്തു.

പ്രാദേശിക സഹകരണത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശകലനത്തില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഏഷ്യ ശക്തമായ സാമ്പത്തിക പരസ്പരാശ്രിതത്വം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ദശകത്തിന്റെ ഏറ്റവും വലിയ മുന്‍ഗണന തന്ത്രപരമായ വിശ്വാസം ശക്തിപ്പെടുത്തലായിരിക്കണമെന്ന് താഹ അഭിപ്രായപ്പെട്ടു.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംയോജിത വിതരണ ശൃംഖലകള്‍ എന്നിവ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സാമ്പത്തിക വിഭജനവും അതിവേഗ സാങ്കേതിക പരിവര്‍ത്തനവും നിറഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തിക പരസ്പരാശ്രിതത്വം മാത്രം ദീര്‍ഘകാല സമൃദ്ധി ഉറപ്പാക്കാന്‍ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാന്‍ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തങ്ങള്‍, ശക്തമായ സ്ഥാപനങ്ങള്‍, തന്ത്രപരമായ സംവാദങ്ങള്‍, പ്രാദേശിക സഹകരണത്തോടുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയാണ് നിര്‍ണായകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ താഹ മുഹമ്മദ് അബ്ദുല്‍ കരീം ഏഷ്യയുടെ ഭാവിക്കായി മൂന്ന് പ്രധാന തന്ത്രപരമായ മുന്‍ഗണനകള്‍ അവതരിപ്പിച്ചു. സാമ്പത്തിക പരസ്പരാശ്രിതത്വത്തെ ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തങ്ങളാക്കി മാറ്റുക, ഏഷ്യയുടെ വൈവിധ്യത്തെ വിഭജനത്തിന്റെ കാരണമെന്നതിലുപരി തന്ത്രപരമായ ശക്തിയായി പ്രയോജനപ്പെടുത്തുക, നിക്ഷേപത്തിനും നവീകരണത്തിനും ദീര്‍ഘകാല പ്രാദേശിക സ്ഥിരതയ്ക്കും അനിവാര്യമായ അടിസ്ഥാന സൗകര്യമായി വിശ്വാസത്തെ അംഗീകരിക്കുക എന്നിവയാണ് അവ.

ഏഷ്യയുടെ സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക വൈവിധ്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഈ വ്യത്യാസങ്ങളെ സഹകരണത്തിന് തടസ്സമായി കാണാതെ പ്രതിരോധശേഷിയും നവീകരണശേഷിയും വര്‍ധിപ്പിക്കുന്ന ശക്തിയായി കാണണമെന്ന് പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ അനുഭവങ്ങള്‍ പങ്കുവെച്ച താഹ നിക്ഷേപം, ലോജിസ്റ്റിക്സ്, ഊര്‍ജം, നവീകരണം, ധനകാര്യം എന്നീ മേഖലകളിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കേന്ദ്രമായി ഗള്‍ഫ് മേഖല ഉയര്‍ന്നുവരുകയാണെന്ന് പറഞ്ഞു. അതിര്‍ത്തികള്‍ക്കപ്പുറം പങ്കിട്ട മൂല്യം സൃഷ്ടിക്കുന്ന വിവിധ സഹകരണ കേന്ദ്രങ്ങളിലൂടെ ഏഷ്യയുടെ ഭാവി കൂടുതല്‍ രൂപപ്പെടുമെന്നും അദ്ദേഹം വിലയിരുത്തി.

രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം സ്വാഭാവികമാണെങ്കിലും അത് ഒരിക്കലും സഹകരണത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ദീര്‍ഘകാല പ്രാദേശിക സ്ഥിരതയുടെയും ചെലവില്‍ ആകരുതെന്ന് അദ്ദേഹം വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!