
ദുബായ്: ദുബായിലെ യു എസ് കോണ്‍സുലേറ്റിന് സമീപം ഡ്രോണ്‍ ആക്രമണം. തുടര്‍ന്നുണ്ടായ തീപിടിത്തം അധികൃതര്‍ അണച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അപകട സാഹചര്യങ്ങളില്‍ അടിയന്തര രക്ഷാസേനകള്‍ ഉടന്‍ തന്നെ പ്രതികരിച്ചതായും തീ പൂര്‍ണമായും അണച്ചതായും കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതില്‍ ദുബായ് അധികൃതര്‍ പ്രതിബദ്ധരാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡ്രോണ്‍ ദുബായിലെ കോണ്‍സുലേറ്റിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ഇടിച്ചുവെന്നാണ് ഒരു യു എസ് ഉദ്യോഗസ്ഥനേയും ദുബായ് സര്‍ക്കാരിന്റെ മീഡിയ ഓഫിസിനേയും ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കോണ്‍സുലേറ്റിന് സമീപം കറുത്ത പുക ഉയരുന്നത് കാണുന്നുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇറാന്റെ സര്‍ക്കാര്‍ ബ്രോഡ്കാസ്റ്റര്‍ ഐ ആര്‍ ഐ ബി ഒരു ഇറാനിയന്‍ ഡ്രോണ്‍ ദുബായിലെ യുഎസ് കോണ്‍സുലേറ്റില്‍ ഇടിച്ചതായി അറിയിച്ചു.
തിങ്കളാഴ്ച സൗദി അറേബ്യയിലെ യു എസ് എംബസിക്ക് നേരെ രണ്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയിരുന്നു. ചെറിയ തീപിടിത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടവും സംഭവിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ജിദ്ദ, റിയാദ്, ദഹ്റാന്‍ എന്നിവിടങ്ങളിലുള്ള അമേരിക്കക്കാര്‍ തങ്ങള്‍ കഴിയുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് എംബസി നിര്‍ദ്ദേശിച്ചു.
ചൊവ്വാഴ്ച കുവൈത്തിലെ യു എസ് എംബസിയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചു. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കക്കാരെ തിരികെ കൊണ്ടുവരാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്നതായി അറിയിച്ചു.
ചാര്‍ട്ടര്‍ വിമാനങ്ങള്‍, സൈനിക വിമാന സൗകര്യങ്ങള്‍, കൂടാതെ കൂടുതല്‍ സീറ്റുകളുള്ള വലിയ വാണിജ്യ വിമാനങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുമായി സഹകരണം ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് വാഷിങ്ടണ്‍ ഡി സിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

