ദോഹയിലെ യു എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഖത്തര്‍ ഒഴിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ യു എസ് എംബസിക്ക് സമീപം താമസിക്കുന്ന ആളുകളെ മുന്‍കരുതല്‍ നടപടിയായി ഒഴിപ്പിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

city exchange

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നടപടി ആരംഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയം ഇത് അറിയിക്കുകയായിരുന്നു.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് യു എസ് എംബസിയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ബന്ധപ്പെട്ട അധികാരികള്‍ താത്ക്കാലിക മുന്‍കരുതല്‍ നടപടിയായി ഒഴിപ്പിക്കുകയാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ആവശ്യമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവര്‍ക്കായി അനുയോജ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

- Advertisement -
Ad image

ഈ ആഴ്ച സൗദി അറേബ്യയിലും കുവൈത്തിലുമുള്ള യു എസ് എംബസികളും ദുബായിലെ യു എസ് കോണ്‍സുലേറ്റും ഡ്രോണ്‍ ആക്രമണ ലക്ഷ്യമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ദോഹയിലെ യു എസ് എംബസിക്ക് സമീപം താമസിക്കുന്നവരുമായി സംസാരിച്ച അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി ആളുകളോട് സമാധാനപരമായി അവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. താമസ സൗകര്യം നല്‍കുന്നുവെന്നും ചിലരോട് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആളുകള്‍ പറഞ്ഞു.

ഇപ്പോള്‍ ഉടന്‍ ഭീഷണി ഉണ്ടോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അമേരിക്കന്‍ പൗരന്മാര്‍ക്ക് മിഡില്‍ ഈസ്റ്റില്‍ നിന്ന് ഉടന്‍ പുറപ്പെടണമെന്ന് മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി എടുത്തതാകാമെന്നാണ് കരുതുന്നത്. അവരുടെ നിലവിലെ സ്ഥലങ്ങളില്‍ വാണിജ്യ വിമാനങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഒമാന്‍ അല്ലെങ്കില്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

Share This Article
Leave a Comment
error: Content is protected !!