അയല്‍രാജ്യങ്ങളിലേക്കുള്ള ആക്രമണം നിര്‍ത്തുമെന്ന് ഇറാന്‍

Web Desk
2 Min Read

അയല്‍ രാജ്യങ്ങളില്‍ ആക്രമണം നടത്തിയതില്‍ ഇറാന്‍ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു

city exchange

തെഹ്‌റാന്‍: ഇറാനെതിരായ ആക്രമണം അയല്‍രാജ്യങ്ങളില്‍ നിന്നുണ്ടാകാത്ത പക്ഷം അവിടങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ താത്ക്കാലിക നേതൃത്വ കൗണ്‍സില്‍ തീരുമാനിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചു.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ പശ്ചിമേഷ്യന്‍ മേഖലയിലെ അയല്‍ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ പ്രഖ്യാപനം.

അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണമില്ലെങ്കില്‍ അവയെ ഇനി ലക്ഷ്യമിടില്ലെന്ന് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഇറാന്റെ ഇടക്കാല നേതൃത്വ കൗണ്‍സില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഇറാനിയന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ അയല്‍രാജ്യങ്ങളോട് പ്രസിഡന്റ് ഖേദവും പ്രകടിപ്പിച്ചു.

അമേരിക്കയും ഇസ്രയേലും ഇറാനിലുടനീളം നടത്തിയ ആക്രമണങ്ങളുടെ എട്ടാം ദിവസമാണിതെന്നും ഇത്തരം സംഘര്‍ഷാവസ്ഥയില്‍ പ്രസിഡന്റിന്റെ പ്രസ്താവന ചെറിയൊരു സംഘര്‍ഷശമന ശ്രമമായി കാണാമെന്നും എന്നാല്‍ ഇറാനിലെ 170ലധികം നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്നും തെഹ്‌റാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ തൗഹീദ് അസാദി പറഞ്ഞു.

അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലൂടെയാണ് പെസെഷ്‌കിയാന്‍ അഭിപ്രായം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് താമസമേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ആക്രമിക്കപ്പെടുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ സ്വാധീനം സംരക്ഷിക്കാന്‍ ജനങ്ങള്‍ ഐക്യത്തോടെയും ഏകോപനത്തോടെയും മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയ്ക്ക് ശക്തമായ സന്ദേശവും നല്‍കി. യു എസ് ആഗ്രഹിക്കുന്നത് നിബന്ധനകളില്ലാത്ത കീഴടങ്ങലാണെന്നും ആ സ്വപ്‌നം അവര്‍ ശവകുടീരത്തിലേക്ക് കൊണ്ടുപോകുമെന്നും പെഷെസ്‌കിയാന്‍ പറഞ്ഞു.

അമേരിക്കന്‍ സൈനിക സാന്നിധ്യം ഉള്ളതിനാല്‍ സൗദി അറേബ്യ, ഖത്തര്‍, യു എ ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങള്‍ ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളായി മാറിയിരുന്നു. ഇറാക്ക്, ജോര്‍ദാന്‍, അസര്‍ബൈജാന്‍, തുര്‍ക്കി എന്നിവയും സംഘര്‍ഷത്തിന്റെ പരിധിയില്‍പ്പെട്ടിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലാകെ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാന സര്‍വീസുകള്‍ക്ക് വലിയ തടസ്സം നേരിട്ടതും വ്യോമപാതകള്‍ അടച്ചതും എണ്ണ- വാതക ഉല്‍പാദനത്തെ ബാധിച്ചതും ആഗോളതലത്തില്‍ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനിടെ, പെസെഷ്‌കിയാന്റെ സന്ദേശം ഇറങ്ങിയതിന് ചില മിനിറ്റുകള്‍ക്കുശേഷം ഇറാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണം ഖത്തര്‍ തടഞ്ഞതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചു.

ഇറാനിലെ രാഷ്ട്രീയ നേതാക്കള്‍ സാധാരണ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിദേശ നയവും സുരക്ഷാ നയങ്ങളും പോലുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്പ്‌സ് (ഐ ആര്‍ ജി സി) ആണെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ റസൂല്‍ സര്‍ദാര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!