
ദോഹ: ഖത്തര്‍ എയര്‍വെയ്സ് പരിമിതമായ രീതിയിലുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 10, 11, 12 തിയ്യതികളില്‍ ലണ്ടന്‍, ഡാലസ്, ഇസ്താംബുള്‍, മുംബൈ, മാഡ്രിഡ്, മോസ്കോ, ടൊറന്റോ എന്നിവ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് വിമാന സര്‍വീസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ താത്ക്കാലിക സര്‍വീസുകള്‍ നിലവിലെ പ്രതിസന്ധിയില്‍പ്പെട്ട യാത്രക്കാരെ കുടുംബാംഗങ്ങളുമായി വേഗത്തിലും സുരക്ഷിതമായും വീണ്ടും ഒന്നിപ്പിക്കാന്‍ സഹായിക്കാനാണെന്ന് ഖത്തര്‍ എയര്‍വെയ്സ് പറഞ്ഞു. എന്നാല്‍ സാധാരണ ഷെഡ്യൂള്‍ ചെയ്ത കൊമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്നതിന് സ്ഥിരീകരണമല്ലെന്ന് കമ്പനി വ്യക്തമാക്കി.

ഖത്തറിലെ ഭൂരിഭാഗം വ്യോമപാതകളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ സുരക്ഷിതമായി തിരിച്ചുപോകല്‍ വിമാനങ്ങള്‍ നടത്തുന്നതിനായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടിയന്തര വിമാന പാതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഖത്തര്‍ വ്യോമപാത അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സ് നിശ്ചിത സര്‍വീസുകള്‍ ഇപ്പോഴും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ ഖത്തര്‍ വ്യോമപാത പൂര്‍ണ്ണമായി സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതിനു ശേഷമേ സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍, ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായി മാത്രമാണ് ഈ തിരിച്ചുപോകല്‍ വിമാനങ്ങള്‍ അനുവദിക്കുക. അതത് എയര്ലൈന്സുകളില് സ്ഥിരീകരിച്ച ബുക്കിംഗുള്ള യാത്രക്കാരെ മാത്രമേ ഈ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തുകയുള്ളു.
സീറ്റ് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കില്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകാതിരിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സ് അഭ്യര്‍ഥിച്ചു. പ്രവര്‍ത്തനപരമായി സാധ്യമായിടത്തോളം കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ ഒരുക്കാന്‍ ശ്രമിക്കുന്നതായും എയര്‍ലൈന്‍സ് അറിയിച്ചു.
എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പില്‍ യാത്രക്കാര്‍ അവരുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെയുള്ള യാത്രാ തിയ്യതികളില്‍ ബുക്കിംഗ് ചെയ്ത യാത്രക്കാര്‍ക്ക് ആദ്യ യാത്രാ തിയ്യതിയില്‍ നിന്ന് 14 ദിവസത്തിനുള്ളില്‍ രണ്ട് പ്രാവശ്യം തിയ്യതി മാറ്റാനുള്ള സൗകര്യവും ഉപയോഗിക്കാത്ത ടിക്കറ്റ് തുകയ്ക്ക് പൂര്‍ണ്ണ റീഫണ്ടും ലഭ്യമാകും.

