യു ഡി എഫ് വിജയം ഉറപ്പ്; പാറക്കല്‍ കുറ്റ്യാടിയുടെ പ്രതീക്ഷ

Web Desk
2 Min Read

Election Talk/ ഫൈസല്‍ അരോമ
(സാമൂഹ്യ പ്രവര്‍ത്തകന്‍)

city exchange

കുറ്റ്യാടിക്കാര്‍ തിരിച്ചറിഞ്ഞൊരു സത്യമുണ്ട്- പാറക്കല്‍ അബ്ദുല്ലയാണ് തങ്ങളുടെ ജനപ്രതിനിധിയായി നിയമസഭയിലുണ്ടാകേണ്ടതെന്ന സത്യം. അഞ്ചു വര്‍ഷം മുമ്പ് കുറ്റ്യാടിക്കുണ്ടായിരുന്ന നേട്ടമെല്ലാം ഇനിയും തിരിച്ചു കിട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാറക്കല്‍ അബ്ദുല്ല എന്ന എം എല്‍ എ അവര്‍ക്കിടയിലുണ്ടാക്കിയ സ്വാധീനമാണ് കാണിക്കുന്നത്.

പൊതുവെ എല്ലാ സംഘാടനകളും പ്രവാസി പ്രതിനിധി എന്നു കണക്കു കൂട്ടാറുള്ളത് സാമ്പത്തികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാവുന്നവരെന്ന നിലയിലാണ്. എന്നാല്‍ ഗള്‍ഫിലെ ബിസിനസിനോടൊപ്പം, സാമൂഹ്യ സേവന രംഗത്ത് നിസ്വാര്‍ഥതയുടെ പ്രതീകമായ, നാട്ടിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പാറക്കല്‍ അബ്ദുല്ലയേയാണ് മുസ്ലിം ലീഗ് പ്രവാസി പ്രതിനിധിയായി അവതരിപ്പിച്ച് മാതൃക സൃഷ്ടിച്ചത്. ഈ മാതൃക മറ്റു പാര്‍ട്ടികളും പിന്തുടരാന്‍ ശ്രമിക്കുമ്പോഴാണ് പ്രവാസികളോടുള്ള താത്പര്യം പ്രകടമാവുക.

രണ്ടാം പിണറായി കാലത്തും കേരളത്തില്‍ യാതൊരു വികസനവും കേരളത്തില്‍ നടന്നിട്ടില്ല. ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണ് പ്രചരണം നടത്തുന്നത്. റോഡുകള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി വികസനമെന്ന് പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ലല്ലോ വികസനം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

- Advertisement -
Ad image

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് കിട്ടാത്തതുകൊണ്ട് കുട്ടികളെ വിദേശത്ത് തന്നെ പഠിപ്പിക്കേണ്ടി വരുന്ന പ്രവാസികള്‍ ഒരുപാടുണ്ട്. അതുപോലെ ആരോഗ്യ മേഖല തകര്‍ന്നതും അഴിമതി നിറഞ്ഞതുമാണ്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരുന്നതോടെ ഇതിനൊക്കെ മാറ്റമുണ്ടാകും.

തൊഴിലില്ലായ്മയ്ക്ക് പരിഹാരമോ നാട്ടില്‍ വികസനമോ ഉണ്ടാകാത്തതില്‍ സി പി എമ്മിന് പോലും പ്രതിഷേധമുണ്ട്. ഭരിക്കുന്ന പാര്‍ട്ടി തങ്ങളായതുകൊണ്ടു മാത്രമാണ് സി പി എം ഇതെല്ലാം സഹിച്ചു മുമ്പോട്ടു പോകുന്നത്.

കോവിഡ് കാലത്തും പ്രവാസ ലോകത്തു നിന്നും വോട്ടു ചെയ്യാന്‍ നാട്ടിലേക്ക് നിരവധി പേര്‍ പോയിട്ടുണ്ട്. ഇപ്പോഴത്തെ സംഘര്‍ഷ സാഹചര്യം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും നിരവധി പേര്‍ വോട്ടു ചെയ്യാന്‍ നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ താളം തെറ്റിയതും ടിക്കറ്റിന് വലിയ തുകയുണ്ടെന്നതുമൊക്കെ പലര്‍ക്കും മുമ്പില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

വോട്ടു ചെയ്യാന്‍ നാട്ടില്‍ പോയാല്‍ ഉദ്ദേശിച്ച സമയത്ത് തിരികെ വരാനാവുന്ന വിധത്തില്‍ വിമാന സര്‍വീസുകളുണ്ടാകുമോ എന്ന സംശയവും പലര്‍ക്കുമുണ്ട്. ഇത് ജോലിയെ ബാധിക്കുമെന്നത് വാസ്തവമാണെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ളവരുടെ ത്വരയ്ക്ക് ചിലപ്പോള്‍ അതൊന്നും തടസ്സം സൃഷ്ടിച്ചേക്കില്ല.

കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തിലും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയായിരിക്കും ജനപ്രതിനിധി എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

കേരളത്തില്‍ യു ഡി എഫിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കാന്‍ സി പി എം- ബി ജെ പി ഡീല്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരുപോലെ തലോടുന്ന സ്വഭാവം പിണറായിക്കുള്ളതിനാല്‍ ബി ജെ പിയുടെ വോട്ടുകള്‍ പലതും മറിച്ചു കുത്തിയാലും യു ഡി എഫിന് ക്ഷീണമുണ്ടാകുമെന്ന് കരുതുന്നില്ല. കാരണം, സംസ്ഥാനം ആരു ഭരിക്കണമെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. യു ഡി എഫ് വിജയം അനിവാര്യമാണ്. ജയ് യു ഡി എഫ്.

Share This Article
Leave a Comment
error: Content is protected !!