
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി സ്വാഗതസംഘം ചെയര്മാന് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ലോകകേരള സഭാഗം സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമത്തെ ഒക്ടോബര്‍ 17 വെള്ളിയാഴ്ച 6:30ന് ആതിഥേയരായ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളില്‍ കേരള മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ്, ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം എ യൂസഫ് അലി എന്നിവര്‍ പങ്കെടുക്കും.

നോര്‍ക്ക, ലോക കേരളസഭ, മലയാളം മിഷന്, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി മുഖ്യമന്ത്രി ബഹ്റൈനിലെ മലയാളി പ്രവാസികളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ചെയര്മാന് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു. വ്യക്തികള്‍ക്കും പ്രവാസി സംഘടനകള്‍ക്കും മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനം ബഹ്റൈനിലെ അംഗീകൃത നോര്‍ക്ക കേന്ദ്രങ്ങളായ സഖയയിലുള്ള കേരളീയ സമാജത്തിലെയും സല്മാനിയയിലുള്ള ബഹ്റൈന്‍ പ്രതിഭയുടയും ഓഫീസുകളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ ഒക്ടോബര്‍ 16 വരെ സ്വീകരിക്കുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്തും അറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരളീയ സമാജത്തില്‍ നേരത്തെ വിളിച്ചു ചേര്‍ത്ത ബഹറൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ അടങ്ങിയ യോഗത്തില്‍ 501 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവില്‍ വ്ന്നു. മുഴുവന്‍ മലയാളികളുടെയും സാന്നിധ്യം സമാജത്തിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായ മലയാളി പ്രവാസി സംഗമം വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ കഴിവിന്റെ പരമാവധി സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

