
തിരുവനന്തപുരം: വി ഡി സതീശന് കേരളത്തിന്റെ മുഖ്യമന്ത്രി. 11 ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപ ദാസ് മുന്‍ഷി, അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവര്‍ ഒരുമിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

പറവൂര്‍ മണ്ഡലത്തില്‍ നിന്ന് 20600 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി ഡി സതീശന് വിജയിച്ചത്. 61കാരനാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി.

സംസ്ഥാനത്തെ പൊതുവികാരം സതീശനൊപ്പമാണെന്ന് വ്യക്തമായതോടെയാണ് എം എല്‍ എമാരുടെ നിര്‍ദേശത്തെ പോലും അവഗണിച്ചു കൊണ്ട് ഹൈക്കമാന്‍ഡ് വി ഡി സതീശന്റെ പേരിലെത്തിയത്.
102 മണ്ഡലങ്ങളില്‍ വിജയിച്ചാണ് ഇത്തവണ യു ഡി എഫ് അധികാരത്തിലേറുന്നത്. ഇതില്‍ 63 കോണ്‍ഗ്രസ് എം എല്‍ എമാരുണ്ട്. 47 പേര് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണച്ചെങ്കിലും ഘടകക്ഷികളുടെ അഭിപ്രായവും കേരളത്തിന്റെ പൊതുവികാരവും കൂടി കണക്കിലെടുത്ത് സതീശന് അനുകൂലമായി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുകയായിരുന്നു.
കെ പി സി സി മുന്‍ അധ്യക്ഷന്മാര് അടക്കമുള്ളവരെ ഡല്‍ഹിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിറ്റിങ് എം എല്‍ എ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും സ്വീകരിച്ചത്. കെ മുരളീധരന്, വി എം സുധീരന് എന്നിവരും വി ഡി സതീശനൊപ്പം നിന്നു.
എറണാകുളം നെട്ടൂരില്‍ വടശേരി ദാമോദര മേനോന്റേയും വി വിലാസിനിയമ്മയുടെയും മകനായി 1964 മെയ് 31നാണ് വി ഡി സതീശന്റെ ജനനം. നെട്ടൂര്‍ എസ് വി യു പി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. നിയമ ബിരുദം നേടിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. തേവര സേക്രഡ് ഹാര്‍ട്ട് കോളെജ് ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി, എം ജി, കേരള സര്‍വകലാശാലകളില്‍ യൂണിയന് കൗണ്‍സിലര്‍, എം ജി സര്‍വകലാശാലാ യൂണിയന് ചെയര്മാന് എന്നീ പദവികള്‍ക്കു ശേഷം എന്‍ എസ് യു ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1996ല്‍ പറവൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. അന്ന് സി പി ഐ സ്ഥാനാര്‍ഥിയായിരുന്ന പി രാജുവിനോട് പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയാക്കി മാറ്റിയത് സതീശനായിരുന്നു. 2001ല്‍ പി രാജുവിനെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006ല്‍ കെ എം ദിവാകരനെയും 2011ല്‍ സി പി ഐയുടെ പന്ന്യന്‍ രവീന്ദ്രനെയും 2016ല്‍ ശാരദ മോഹനെയും 2021ല്‍ എം ടി നിക്സണെയും തോല്‍പ്പിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇ ടി ടൈസണെ പരാജയപ്പെടുത്തി. 2നിയമസഭാ സാമാജികത്വത്തില്‍ കാല് നൂറ്റാണ്ട് തികയ്ക്കുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നത്.

