
ദോഹ: ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗിന്റെയും നസീം മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ബോധവത്ക്കരണത്തിനും പ്രാധാന്യം നല്കി് സംഘടിപ്പിച്ച ക്യാമ്പ് മുന്നോറോളം പേര് പ്രയോജനപ്പെടുത്തി.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുന്‍നിര്‍ത്തി സംഘടിപ്പിച്ച ക്യാമ്പില്‍ കൊളസ്ട്രോള്‍ ഉള്‍പ്പെടെ 14 വ്യത്യസ്ത രക്തപരിശോധനകള്‍, ബി എം ഐ പരിശോധന, വിദഗ്ധ ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന്, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങിയ വിവിധ സേവനങ്ങള്‍ സൗജന്യമായി ഒരുക്കിയിരുന്നു. നിരവധി പേര്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും തുടര്‍ചികിത്സയ്ക്കുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനും ക്യാമ്പ് സഹായകമായി.

മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് സെക്രട്ടറി സുഹൈല്‍ സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്കറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ സജീവമായ ഇടപെടല്‍ പരിപാടിയുടെ വിജയത്തിന് വലിയ കരുത്താവുകയും ചെയ്തു. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ വി ബോബന്, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഹൈദര്‍ ചുങ്കത്തറ, വി എസ് അബ്ദുറഹിമാന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി എ നാസര്‍ പ്രവാസികള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികളെക്കുറിച്ചും സമയബന്ധിതമായ ആരോഗ്യ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ഷാ പി വി, ചീഫ് പേട്രണ്‍ മുഹമ്മദ് റുബീഷ്, ട്രഷറര്‍ ജിന്‍സ് ജോസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. യൂത്ത് വിംഗ് ട്രഷറര്‍ ആഷിഖ് നന്ദി രേഖപ്പെടുത്തി.
നസീം മെഡിക്കല്‍ സെന്ററിന് ഖത്തര്‍ ഇന്‍കാസ് പാലക്കാട് യൂത്ത് വിംഗ്, ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു.

