
വാണിജ്യ കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി; വെടിനിര്‍ത്തല്‍ ലംഘിച്ചതായി അമേരിക്ക
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള മിസൈല്‍, ഡ്രോണ്‍ സംഭരണകേന്ദ്രങ്ങള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍ എന്നിവയാണ് അമേരിക്കന്‍ സൈന്യം ആക്രമിച്ചതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) അറിയിച്ചു.

വാണിജ്യ കപ്പല്‍ ഗതാഗതത്തിനെതിരായ ഇറാന്റെ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പിന്നീട് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു.

അതേസമയം, നിലവിലെ നടപടി വ്യാപകമായ യുദ്ധനീക്കങ്ങളുടെ പുന:രാരംഭമല്ലെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അമേരിക്കയുടെ ആക്രമണത്തിന് മറുപടിയായി മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര് ജി സി) അവകാശപ്പെട്ടു. ഈ വാദം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
അക്രമത്തിന് മറുപടി അക്രമം തന്നെയായിരിക്കും എന്നാണ് കഴിഞ്ഞ ആഴ്ച ഇറാനുമായി ധാരണയിലെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ കരാറിനെ അമേരിക്ക മാനിച്ചിട്ടുണ്ടെന്നും ധാരണാപത്രത്തിന്റെ വ്യാഖ്യാനത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഇറാന് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കരാറിന്റെ വിഡ്ഡിത്തപരമായ ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇറാന് പ്രത്യാഘാതം നേരിടുമോയെന്ന ചോദ്യത്തിന് അത് ഉടന്‍ അറിയാം എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇറാന് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകള്‍ക്ക് നേരെ നാല് ഏകദിശ ആക്രമണ ഡ്രോണുകള്‍ വിക്ഷേപിച്ചുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. അതില്‍ ഒരു ഡ്രോണ്‍ വിലകൂടിയ ചരക്കുകപ്പലിന്റെ മുകള്‍ ഡെക്കില്‍ പതിച്ചെങ്കിലും കപ്പലിന് യാത്ര തുടരാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ബാക്കി മൂന്ന് ഡ്രോണുകളും അമേരിക്കന്‍ സൈന്യം തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കന്‍ സൈനിക നടപടികള്‍ക്കിടയിലും ഇറാന് ഇപ്പോഴും ചില സൈനിക ശേഷി നിലനില്‍ക്കുന്നുണ്ടെന്ന് ട്രംപ് പിന്നീട് പറഞ്ഞു. അവര്‍ക്ക് ഇപ്പോഴും ആക്രമിക്കാന്‍ കഴിയുമെന്നും വലിയ ശക്തിയില്ലെങ്കിലും ശേഷിക്കുന്ന കഴിവ് അവര്‍ക്കുണ്ടെന്നുമാണ് വാഷിങ്ടണില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടോ എന്ന ചോദ്യത്തിന് ആക്രമണം തനിക്ക് അംഗീകരിക്കാനാവില്ലെന്നും സഖ്യരാജ്യത്തിന്റെ കപ്പലല്ലെങ്കിലും ഒരു വാണിജ്യ കപ്പലിനെയാണ് ആക്രമിച്ചതെന്നും കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും ഇത്തരത്തിലുള്ള നടപടികള്‍ പാടില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും പൂര്‍ണമായി തുറക്കുന്നതിനും ഇറാന്റെ ആണവപരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ വലിയ സുരക്ഷാ സംഭവമാണിത്.
അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം ഇറാന് പ്രഖ്യാപിക്കുന്ന മാര്ഗങ്ങളിലൂടെയായിരിക്കണമെന്ന മുന്നറിയിപ്പ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന തോതില്‍ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് അമേരിക്ക- ഇറാന് ധാരണയില്‍ പറയുന്നുണ്ടെങ്കിലും കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശത്തെച്ചൊല്ലി ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ടോള്‍ രഹിതമായിരിക്കുമെന്ന് അമേരിക്ക ആവര്‍ത്തിക്കുമ്പോള്‍, ഫീസ് ഈടാക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന നിലപാടിലാണ് ഇറാന്.
ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചതനുസരിച്ച് തിരിച്ചറിയാനാകാത്ത പ്രൊജക്ടൈല്‍ കപ്പലിന്റെ വലതുഭാഗത്ത് പതിച്ച് ബ്രിഡ്ജിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആളപായമോ പരിസ്ഥിതി മലിനീകരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

