
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) സംഘടിപ്പിച്ച ഓപ്പണ്‍ കാരം ടൂര്‍ണമെന്റ് 2026 നുഐജയിലെ ലാസ ഹാളില്‍ സമാപിച്ചു. ടൂര്‍ണമെന്റില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ പങ്കെടുത്തു.

ഡബിള്‍സ് വിഭാഗത്തില്‍ നടന്ന മത്സരങ്ങള്‍ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അബ്ദുല്‍ സലാം യു പി- ഇബ്രാഹിം സഖ്യം ചാമ്പ്യന്മാരായി. റാഷിദ് ഖാന്‍- ഓംകാര്‍ രണ്ടാം സ്ഥാനവും അഹമ്മദ് മുല്ല- യാക്കൂബ് മൂന്നാം സ്ഥാനവും ഇസ്മായില്‍- ഹാദി നാലാം സ്ഥാനവും കരസ്ഥമാക്കി.

കാലിക്കറ്റ് റഹ്മത്ത് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസുകളും ട്രോഫികളും കെ പി എ ക്യു പ്രസിഡന്റ് ഷമീര്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോഴിക്കോട്, ടൂര്‍ണമെന്റ് കണ്‍വീനര്‍ അബ്ദുല്‍ റഹീം എന്നിവര്‍ വിജയികള്‍ക്ക് വിതരണം ചെയ്തു. സ്‌ക്വയര്‍ യാര്‍ഡ്‌സ്, മാര്‍ക്ക്, ലാസ ഇവെന്റ്‌സ് എന്നിവരായിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍.
കാരം പ്രേമികളുടെയും കായികാസ്വാദകരുടെയും മികച്ച പങ്കാളിത്തം ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കി. കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ പി എ ക്യു സംഘടിപ്പിച്ച ടൂര്‍ണമെന്റ് മികച്ച സംഘാടനവും മത്സര നിലവാരവും കൊണ്ട് ശ്രദ്ധേയമായി.

