പ്രഥമ ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ കിക്ക് ഓഫ്: ആദ്യദിനം നാല് മത്സരങ്ങള്‍

Web Desk
2 Min Read

ദോഹ: സാമൂഹ്യ പ്രവര്‍ത്തകനും മികച്ച സംഘാടകനും ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) മുന്‍ പ്രസിഡന്റുമായിരുന്ന ഈസക്കയുടെ സ്മരണാര്‍ഥം ‘ഖിഫ്’ സംഘടിപ്പിക്കുന്ന ‘പ്രഥമ ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്’ നവംബര്‍ 12 വ്യാഴാഴ്ച തുടക്കമാവും. കാല്‍പന്തിനെയും താരങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച, കളിക്കളത്തിന്റെ ഹൃദയത്തുടിപ്പായ ഈസക്കയ്ക്ക് സ്മരണാഞ്ജലിയായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

city exchange

യൂണിവേഴ്‌സിറ്റി ഓഫ് ദോഹ (യു ഡി എസ് ടി) മൈതാനത്ത് തുടക്കം കുറിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം കടുത്ത പരിശീലനത്തിലും പോരാട്ടവീര്യത്തിലുമാണ്. നവംബര്‍ 12 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് വിസില്‍ മുഴങ്ങുന്നതോടെ ടൂര്‍ണമെന്റിന്റെ ആദ്യദിനത്തിലെ നാല് ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് തുടക്കമാകും. ടൂര്‍ണ്ണമെന്റ് ഡിസംബര്‍ നാല് വരെ നീണ്ടുനില്‍ക്കും.

ആദ്യദിനം ഗ്രൂപ്പ് എ-യിലെ മേറ്റ്‌സ് ഖത്തര്‍ ഓര്‍ബിറ്റ് എഫ് സിയെ നേരിടും. തുടര്‍ന്ന് രാത്രി 8:50ന് നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ ഗ്രൂപ്പ് ബിയിലെ ഹിലാല്‍ എഫ് സിയും ഇന്‍ഫിനിറ്റി എഫ് സിയും തമ്മില്‍ മാറ്റുരയ്ക്കും. രാത്രി 9:40ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ ഗ്രൂപ്പ് സിയിലെ എമര്‍ജന്‍സ് എഫ് സി മില്ലേനിയം എഫ് സിയുമായി പന്ത് തട്ടുമ്പോള്‍ രാത്രി 10:30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഡിയിലെ ഒറിക്‌സ് എഫ് സി കാസര്‍ഗോഡ് ദെസ്‌പെരാഡോസ് എഫ് സിയെ നേരിടും.

തുടര്‍ന്നുള്ള വാരാന്ത്യങ്ങളില്‍ വ്യാഴം, വെള്ളി ദിനങ്ങളിലായിരിക്കും മത്സരങ്ങളുടെ വേദി പ്രധാനമായും സജീവമാവുക. രണ്ടാം ദിനമായ നവംബര്‍ 13ന് വെള്ളിയാഴ്ച 5 ലീഗ് മത്സരങ്ങള്‍ അരങ്ങേറും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മികവുറ്റ താരങ്ങള്‍ കളത്തിലിറങ്ങുന്ന സെവന്‍സില്‍ ഖത്തര്‍ ഐ ഡിയുള്ള ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് മാത്രമാണ് മത്സരയോഗ്യത.

- Advertisement -
Ad image

ടൂര്‍ണമെന്റില്‍ 16 പ്രമുഖ ടീമുകള്‍ നാല് ഗ്രൂപ്പുകളിലായിട്ടാണ് പോരാടുന്നത്. ഗ്രൂപ്പ് എയില്‍ മേറ്റ്‌സ് ഖത്തര്‍, ഓര്‍ബിറ്റ് എഫ് സി, ഫ്രൈഡേ ഫിഫ മഞ്ചേരി, എഫ് സി ഖത്തര്‍ മഞ്ഞപ്പട എന്നിവരും ഗ്രൂപ്പ് ബിയില്‍ ഹിലാല്‍ എഫ് സി, ഇന്‍ഫിനിറ്റി എഫ് സി, ഫ്രണ്ട്‌സ് എഫ് സി, ഈഗിള്‍സ് എഫ് സി എന്നീ ടീമുകളും ഗ്രൂപ്പ് സിയില്‍ എമര്‍ജന്‍സ് എഫ് സി, മില്ലേനിയം എഫ് സി, ബൈസന്റൈന്‍ എഫ് സി, മാവറിക്‌സ് എഫ് സി എന്നിവരും ഗ്രൂപ്പ് ഡിയില്‍ ഒറിക്‌സ് എഫ് സി കാസര്‍ഗോഡ്, ദെസ്പരാദോസ് എഫ് സി, ഖത്തര്‍ മാസ്റ്റേഴ്‌സ്, നാസ്ഗാര്‍ഡ് എഫ് സി എന്നീ ക്ലബ്ബുകളുമാണ് മാറ്റുരയ്ക്കുന്നത്.

നവംബര്‍ 27ന് ക്വാര്‍ട്ടര്‍ ഫൈനലുകളും ഡിസംബര്‍ 3ന് കലാശക്കൊട്ടിന് മുന്നോടിയായുള്ള സെമി ഫൈനലുകളും നടക്കും. ആവേശത്തിന്റെ കൊടുമുടി കയറുന്ന ഫൈനല്‍ പോരാട്ടം ഡിസംബര്‍ 4ന് രാത്രി 7:30ന് യു ഡി എസ് ടി മൈതാനത്ത് നടക്കും.

Share This Article
Leave a Comment
error: Content is protected !!