

കോഴിക്കോട്: പ്രശസ്ത ഗായകന്‍ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

കല്യാണ പന്തലുകളില്‍ ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ ഗായകനും ഗാനരചയിതാവുമാണ്. പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്.

1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍ക്കോട് സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചു. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കി.
1935 ഏപ്രില്‍ 16നായിരുന്നു ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്സിനും ശേഷം 1985 വരെ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.
ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20-ാം വയസില്‍ കലാജീവിതം തുടങ്ങി. 1965 മുതല്‍ ഗള്‍ഫ് നാടുകളില്‍ വരെ വി എം കുട്ടിയുടെ ഗാനവിരുന്നുകള്‍ സ്ഥിരമായി അരങ്ങേറി.
1987ല്‍ കവറത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചു. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വി എം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. 1921 അടക്കം അനേകം സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ എഴുതി. നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകാരനുമാണ്. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തി ഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികള്‍. ഉല്‍പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി എച്ച് കള്‍ച്ചറല്‍ സെന്‍ട്രല്‍ അവാര്‍ഡ്, ഇന്തോ- അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും വി എം കുട്ടിക്ക് കിട്ടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ- അറബ് കള്‍ച്ചറല്‍ സൊസൈറ്റി സംഘടനകളുടെ രക്ഷാധികാരി തുടങ്ങി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം പുളിക്കലിലെ വസതിയായ ദാറുസ്സലാമില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനമുണ്ടാകും. ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് പുളിക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

