എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സിന് പ്രീക്വാര്‍ട്ടര്‍; ലോകകപ്പില്‍ മെസിക്കൊപ്പമെത്തി ഫ്രഞ്ച് നായകന്‍

Web Desk
2 Min Read

ന്യൂയോര്‍ക്ക്: ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളിന്റെ മികവില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ന്യൂയോര്‍ക്ക് ന്യൂജഴ്സി സ്റ്റേഡിയത്തില്‍ 80,663 കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ മൈക്കല്‍ ഒലിസെയുടെ തകര്‍പ്പന്‍ പ്രകടനവും ഫ്രഞ്ച് വിജയത്തില്‍ നിര്‍ണായകമായി.

city exchange

ആദ്യ പകുതിയിലുടനീളം ആക്രമണം അഴിച്ചുവിട്ട ഫ്രാന്‍സ് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായത് ഇടവേളയ്ക്ക് തൊട്ടുമുമ്പാണ്. ഒലിസെയുടെയും ഒസ്മാന്‍ ഡെംബലെയുടെയും നീക്കത്തിനൊടുവില്‍ ലഭിച്ച അവസരം എംബാപ്പെ ലക്ഷ്യത്തിലെത്തിച്ച് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ എട്ടാം മിനിറ്റില്‍ ഒലിസെയുടെ മനോഹരമായ പാസില്‍ ബ്രാഡ്‌ലി ബാര്‍കോല ഫ്രാന്‍സിന്റെ ലീഡ് ഇരട്ടിയാക്കി. 74-ാം മിനിറ്റില്‍ വീണ്ടും ഒലിസെയുടെ അസിസ്റ്റില്‍ എംബാപ്പെ മനോഹരമായി പന്ത് വലയിലെത്തിച്ചതോടെ ഫ്രാന്‍സ് ആധികാരിക ജയം ഉറപ്പിച്ചു.

ഈ ലോകകപ്പില്‍ എംബാപ്പെയുടെ ഗോള്‍നേട്ടം ആറായി. ഇതോടെ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമെത്താനും ഫ്രഞ്ച് നായകന് സാധിച്ചു. ലോകകപ്പ് ചരിത്രത്തില്‍ എംബാപ്പെയുടെ ആകെ ഗോള്‍സംഖ്യ 18 ആയി ഉയര്‍ന്നു. മെസിയുടെ 19 ലോകകപ്പ് ഗോളുകളുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം പിന്നിലാണ് 27-കാരനായ താരം.

- Advertisement -
Ad image

ആദ്യ ഗോള്‍ നേടിയ ശേഷം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നഷ്ടമായ പരിശീലകന്‍ ദിദിയര്‍ ദെഷാംസിനെ ആലിംഗനം ചെയ്താണ് എംബാപ്പെ ഗോള്‍ ആഘോഷിച്ചത്. 14 വര്‍ഷത്തെ വിജയകരമായ പരിശീലക ജീവിതത്തിന് ശേഷം ലോകകപ്പോടെ ദെഷാംസ് സ്ഥാനമൊഴിയും.

സ്വന്തം നാട്ടില്‍ 1998-ല്‍ കിരീടം നേടിയ ഫ്രഞ്ച് ടീമിന്റെ നായകനായിരുന്ന ദെഷാംസ്, 2018-ല്‍ പരിശീലകനായും ഫ്രാന്‍സിനെ ലോകചാമ്പ്യന്മാരാക്കി. 1998 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെ അധികസമയത്തെ ‘ഗോള്‍ഡന്‍ ഗോള്‍’ ജയത്തിലൂടെയാണ് ഫ്രാന്‍സ് മറികടന്നത്. ഇത്തവണയും പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ പരാഗ്വെയാണ്. ശനിയാഴ്ച ഫിലാഡല്‍ഫിയയിലാണ് മത്സരം.

പ്രീമിയര്‍ ലീഗ് താരങ്ങളായ വിക്ടര്‍ ഗ്യോക്കറസ്, അലക്‌സാണ്ടര്‍ ഇസാക്, ആന്റണി എലങ്ക എന്നിവരെ അണിനിരത്തിയെങ്കിലും സ്വീഡന് ഫ്രഞ്ച് ആധിപത്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പ്ലേ ഓഫിലൂടെ ലോകകപ്പിലെത്തിയ സ്വീഡന് അവസാന 32 വരെയെത്താനായതുതന്നെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Share This Article
Leave a Comment
error: Content is protected !!