പട്ടിണി സൂചികയില്‍ റാങ്ക് 101; രീതി അശാസ്ത്രീയവും ഞെട്ടിക്കുന്നതുമെന്ന് ഇന്ത്യ

Web Desk
2 Min Read

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 101ലേക്ക് താഴ്ന്നത് ഞെട്ടിക്കുന്നതും രീതികള്‍ അശാസ്ത്രീയവുമെന്ന് ഇന്ത്യ. 2021ല്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2020ല്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94-ാമതായിരുന്നു രാജ്യത്തിന്റെ സ്ഥാനം.

city exchange

നിലവില്‍ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയേക്കാള്‍ വളരെ പിറകിലാണ് ഇന്ത്യയുടെ റാങ്കുള്ളത്. ശ്രീലങ്കയ്ക്ക് 65-ാം റാങ്കും ബംഗ്ലാദേശിനും നേപ്പാളിനും 76-ാം റാങ്കും പാകിസ്താന്‍ 92-ാം റാങ്കുമാണ് പട്ടികയില്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍, ഹെയ്ത്തി, യെമന്‍ തുടങ്ങിയ സംഘര്‍ഷ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിറകിലുള്ളത്. സോമാലിയക്കാണ് 116-ാം സ്ഥാനം.

അഞ്ചില്‍ താഴെ ആഗോള പട്ടിണി സൂചിക സ്‌കോറുളള 18 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്തുള്ളത്. ബെലാറസ്, ചൈന, ക്യൂബ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് ഒന്നാം റാങ്കിലുള്ളത്. ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക സ്‌കോര്‍ 27.5 ആണ്. ഇന്ത്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 15.3 ശതമാനം പോഷകാഹാരക്കുറവും 17.3 ശതമാനം തൂക്കക്കുറവും 34.7 ശതമാനം വളര്‍ച്ച മുരടിപ്പും അനുഭവിക്കുന്നുണ്ട്. ഗുരുതര പട്ടിണി സാഹചര്യമുള്ള 30 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- Advertisement -
Ad image

ഐറിഷ് ജീവകാരുണ്യ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഫില്‍ഫെയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത്.

എന്നാല്‍ ആഗോള പട്ടിണി സൂചികയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യയിലെ വനിതാ ശിശുക്ഷേമ വികസന മന്ത്രാലയം പ്രതികരിച്ചത്. റാങ്ക് നിര്‍ണയിച്ച രീതി അശാസ്ത്രീയവും ഗുരുതര ശാസ്ത്രീയ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്നു പറഞ്ഞ മന്ത്രാലയം അടിസ്ഥാന യാഥാര്‍ഥ്യവും വസ്തുതകളും കാണുന്നില്ലെന്നും കുറ്റപ്പെടുത്തി. നാല് ചോദ്യങ്ങളിലൂടെ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയതെന്നും ആളോഹരി ഭക്ഷ്യധാന്യ ലഭ്യത പോലെ പോഷകാഹാരക്കുറവ് അളക്കാന്‍ ശാസ്ത്രീയ രീതിയില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പോഷകാഹാരക്കുറവിന്റെ ശാസ്ത്രീയ അളവിന് തൂക്കവും ഉയരവും അളക്കേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മാത്രമല്ല കോവിഡ് കാലഘട്ടത്തില്‍ മുഴുവന്‍ ജനങ്ങളുടേയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ പരിശ്രമത്തെ റിപ്പോര്‍ട്ട് പൂര്‍ണമായും അവഗണിക്കുന്നതായും മന്ത്രാലയം വിശദീകരിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ സര്‍ക്കാരില്‍ നിന്നോ മറ്റു സ്രോതസ്സുകളില്‍ നിന്നോ എന്തെങ്കിലും ഭക്ഷ്യ പരിന്തുണ ലഭിച്ചോ എന്നതിനെ കുറിച്ച് ഒരു ചോദ്യവുമില്ലെന്നും അഭിപ്രായ വോട്ടെടുപ്പിന്റെ പ്രാതിനിധ്യം പോലും സംശയകരമാണെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം പട്ടിണിയും വിശപ്പുമകറ്റി ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക റാങ്കിംഗിലെ സ്ഥാനം പരിഹസിച്ച് ട്വീറ്റ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!